ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍; കേരളത്തിന് ജയം

കോഴിക്കോട്: ദശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ കളി ശക്തമാക്കിയ കേരളം 75-ാം മിനുട്ടില്‍ മാനസയുടെ ഹെഡര്‍ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ മികച്ചൊരു പാസില്‍ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തില്‍ ഫെമിനയെ ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു. മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകള്‍ നേടിയത്.

Related posts

Leave a Comment