സൂര്യനെ സ്പർശിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ്

സൂര്യനെ സ്പർശിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്പർശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാർക്കർ സോളാർ പ്രോബ്. കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പ്രവേശിച്ച പേടകം ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 78.69 ലക്ഷം കിലോമീറ്റർ ഉയരത്തിൽ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്.

2018 ലായിരുന്നു പാർക്കർ സോളാർ പ്രോബിൻറെ വിക്ഷേപണം. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനമെന്തെന്ന് ഉൾപ്പടെ സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയിൽ 1.30 കോടി കിലോമീറ്റർ ഉയരത്തിലെത്തിയ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. ഇതിനു പിന്നാലെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 2025ൽ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാർക്കർ പേടകം സൂര്യനെ വലം വെക്കും. ജനുവരിയിൽ പേടകം വീണ്ടും സൂര്യനോടടുക്കും. ഉപരിതലത്തിൽ 61.63 ലക്ഷം കിലോമീറ്റർ ഉയരത്തിൽ പേടകം പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.

Related posts

Leave a Comment