ചന്ദ്രനിൽ വീണ്ടും മനുഷ്യ സാന്നിധ്യമറിയിക്കാൻ നാസ: ആർട്ടിമിസ് ദൗത്യത്തിന് ഇന്ന് തുടക്കമാകും


ന്യൂയോർക്ക്: ചന്ദ്രനിൽ വീണ്ടും മനുഷ്യ സാന്നിധ്യമറിയിക്കാൻ നാസ. ദൗത്യത്തിന്റെ ഭാ​ഗമായുള്ള ആർട്ടിമിസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 6.04ന് പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് ആർട്ടിമിസ് 1 പുതിയ ദൗത്യവുമായി കുതിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെയുെള്ള യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസയുടെ പദ്ധതി. ആദ്യ ഘട്ടമായി പരീക്ഷണാർഥമാണ് വിക്ഷേപണം. ഈ ദൗത്യത്തിൽ മനുഷ്യ യാത്രികരുണ്ടാകില്ല.
ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാനാണ് ആദ്യ ദൗത്യത്തിലെ ശ്രമം. യാത്രികർക്ക് പകരം മൂന്ന് പാവകളെ ഓറിയോൺ പേടകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ മൂൺക്വിൻ കാംപോസാണു പ്രധാന പാവ. ഹെൽഗ, സോഹർ എന്ന് മറ്റ് രണ്ട് പാവ യാത്രികർ കൂടിയുണ്ട്. അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാസ എൻജിനീയറായ ആർതുറോ കാംപോസിന്റെ പേരാണ് പ്രധാന പാവയ്ക്കു കൊടുത്തിരിക്കുന്നത്. വിക്ഷേപണത്തിനു ശേഷം ആറ് ആഴ്ചയെടുത്താണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കുന്നത്. ഭൂമിയിൽ നിന്ന് 3,86,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോൺ ഒരാഴ്ചയെടുക്കും. അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറിൽ 40,000 കിലോമീറ്റർ എന്ന വേഗത്തിൽ പസിഫിക് സമുദ്രത്തിലേക്ക് ഓറിയൺ വീഴും.

Related posts

Leave a Comment