മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌ എന്നിവര്‍ക്ക് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുൽ പ്രീത്‌ സിങ്‌, രവി തേജ എന്നിവർക്ക് നോട്ടീസ് അയച്ച്‌ നാർകോടിക്സ് കൺട്രോൾ ബ്യൂറോ. സെപ്‍തംബർ എട്ടിന് ഹാജരാകാനാണ് താരങ്ങളോട് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്, താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാൻ മൂന്ന് താരങ്ങളോടും ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്. രാകുലിനോട് സെപ്‍തംബർ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ചാർമി കൗർ, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപാർട്മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

Related posts

Leave a Comment