‘നമ്മേനിയുടെ കാമുകൻ’ -ജീ. ജഗദീഷ് ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം

ജീ. ജഗദീഷ് , എഴുത്തുകാരൻ, പൊതുപ്രവർത്തകൻ

നമ്മേനിയുടെ കാമുകൻ

നൂറൂദീൻ വേറെ ജാതി മനുഷ്യനാണ്…..

ഓൻ പിടിക്കാത്ത ജീവികളില്ല….ഓന്റേലില്ലാത്ത വിദ്യ കളില്ല…അമ്മാതി രി കക്ഷിയാ….. നൂറു ദ്ദീൻ നേ അറിയാമോ എന്നു ചോദിച്ചാൽ കുടപനച്ചിക്കാര് മുഴുവൻ പറയുമായിരുന്നു…

നേരം വെളുത്താൽ ഇറങ്ങിക്കൊള്ളും. നമ്മേനി പുഴയുടെ കരയിലും ചേർന്നു നിൽക്കുന്ന വയലിലും… എന്തെങ്കിലും ഒരു ജീവിയെ കെണി വെച്ചു പിടിക്കണം അല്ലെങ്കിൽ അന്ന് അവന് ഉറക്കം വരില്ലായിരുന്നു..

ഏറ്റവും കൂടുതൽ വേട്ടയാടിയത് കുളക്കോഴികളെ..അത് കൊണ്ട് തന്നെ ചിലപ്പോൾ കൊളക്കോയി നൂറ് എന്നു വിളിക്കുമായിരുന്നു…

നേൽപ്പാടത്തിറങ്ങി കുളക്കോഴിയെ ഓടിച്ചു നങ്കീസിൽ കുറുക്കി പിടിക്കുന്ന വിനോദമായിരുന്നു നൂറിന്റേത്… പോരാത്തതിന് ഞാറ്റിനിടയിൽ നിന്നും അവറ്റകളുടെ മുട്ടയടിച്ചു മാറ്റി ഹോംലെറ്റും ഉണ്ടാക്കും….

നൂറിന് വീട്ടിൽ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബാപ്പ മരിച്ചു പോയിരുന്നു കുട പ്പനച്ചി കാക്കാഴി മമ്മു എന്നായിരുന്നു പേര്…പുഴയിൽ നിന്നും കക്കവാരിയും ആട്ടിനേ പോറ്റിയും ഒക്കെ യായിരുന്നു അയാളുടെ ജീവിതം..
നെഞ്ച് വേദന വന്നായിരുന്നു അദ്ദേഹത്തിന്റെ മരണം…അദ്ദേഹമൊരു സാധു മനുഷ്യനായിരുന്നുകക്കയൊക്കെ വാരുമായിരുന്നു എങ്കിലും നൂറിന്റെ ക്രൂരതകളെ പണ്ടേ എതിർത്തു പറഞ്ഞിരുന്നു.

ബാപ്പ മരിച്ചതോടെ നൂറിന്റെ അവസ്ഥ കൂടുതൽ മോശ മായി ..പുലർച്ചെ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തുന്ന സമയത്തിനു കാലവും കഥ യുമില്ലാതായി…

പക്ഷെ ഉമ്മയ്ക്ക് വേണ്ടതൊക്കെ അവൻ എത്തിച്ചു കൊടുക്കുമായിരുന്നു… ഒന്നിനും ഒരു കുറവും വരുത്തിയില്ല…. രാത്രിയായാൽ അയൽ വീട്ടിലെ പാത്തുച്ച യെ കൂട്ടിരുത്തി ഉമ്മ കാര്യങ്ങൾ കൈകാര്യം ചെയ്യുമായിരുന്നു..

നാട്ടിലെ കുട്ടികൾക്ക് നൂറ്ക്ക എന്നു പറഞ്ഞാൽ ആയിരം നാവാ… വേട്ട കഥകൾ നാടൻ ചെപ്പടി വിദ്യകൾ… എണ്ണി എണ്ണി പറയും…
അവർക്കൊക്കെ തത്തയെ പിടിച്ചു കൊടുക്കുമായിരുന്നു നൂറ്…. അത് കൊണ്ട് തന്നെ പഴയ ലൗഡ് സ്പീക്കർ കിട്ടിയാൽ നൂറിന് സന്തോഷമാ.. സ്പീക്കർ തല്ലി പൊളിച്ചു അതിലെ നേരിയ ചെമ്പു കമ്പി വെണ്ട തോട്ടത്തിൽ തലങ്ങും വിലങ്ങുമായി കെട്ടി വെക്കും…. വെണ്ട ചെടിയിൽ എത്തുന്ന തത്തകൾ പറക്കുമ്പോൾ ചെമ്പു കമ്പി ചിറകിൽ കുടുങ്ങും… അതിനെ പിടിച്ചു അൻപതു രൂപയ്ക്ക് കുട്ടികൾക്ക് വിൽക്കുമായിരുന്നു നൂറ്…

ബാപ്പ പോയതോടെ ആകെ കാര്യങ്ങൾ മാറി…ബാപ്പയുടെ തോണിയും റഷീദ് ഹാജി ഒമാനിൽ നിന്നും കൊണ്ടു കൊടുത്ത വലിയ ടോർച്ചും നൂറിന് സ്വന്തമായി…

അതോടെ അവന്റെ കളി പുഴയിലും പുഴയോരത്തുമായി…..
പിന്നീട് അവൻ പകൽ സമയം വീട്ടിലിരിക്കും… മാല് മടഞ്ഞും അപ്പങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയിട്ടും ഒക്കെ പണമുണ്ടാക്കി….

നേരം ഇരുട്ടിയാൽ ഇറങ്ങിക്കോളും ടോർച്ചുമായി… പുഴക്കരയിലേക്ക്.വ്യത്യസ്ഥമായ വലകളും കെണികളും കയ്യിൽ കൊണ്ടു പോകുമായിരുന്നു.

ടോർച് ലൈറ്റ് കണ്ണിൽ അടിച്ചു കരി മീനിനെ കോരി വല കൊണ്ട് പിടിക്കുന്നതിൽ നൂറ് വിദഗ്ദനായിയിരുന്നു… കൂടാതെ
കോഴിയിറച്ചിയിലെ പാഴായ ഭാഗങ്ങൾ ഉപയോഗിച്ച് ഞണ്ടുകളെ പിടിക്കാനും നൂർ സമയം കണ്ടെത്തി….

അങ്ങനെ ആ പുഴയോരത്തെ എല്ലാ ജൈവ സമ്പത്തിലും നൂറിന്റെ കൈകൾ പതിച്ചു….കണ്ടൽ കാട്കളും.. ഈച്ചി, ഈങ്ങ മരങ്ങളും ഐരാണി ചേട്ടികളും എല്ലാം വെട്ടി മാറ്റി…
ക്രമേണ എല്ലാം നശിക്കുന്ന അവസ്ഥയിലേക്ക്

മേലോട്ട് ചാടുന്ന മാലാനില്ല ഇരുളിൽ മുട്ടയിടുന്ന കരിമീനില്ല… ആറ്റുകൊഞ്ചില്ല… പൂക്കൊഞ്ചില്ല… കുളകോഴിയില്ല….

നൂറിനു ശരിക്കും ശൂന്യത അനുഭവിച്ചു തുടങ്ങിയിരുന്നു….അത് അയാളുടെ മനസ്സിനെ ബാധിച്ചു…. ദിവസവും കാലത്ത് എഴുന്നേറ്റ് പുഴയോരത്ത് വന്നിരിക്കുക പതിവാക്കി…

ചുറ്റുപാടും നിരീക്ഷിച്ചു രാത്രിയാക്കും… ഇതിനിടയിൽ ഉമ്മയോട് കൂടുതൽ അടുത്തു…. ഉമ്മയുടെ വാത്സല്യം വീണ്ടുമറിഞ്ഞു…

ഒരു ഞായറാഴ്ച്ച അടുത്തുള്ള ചായ കടയിൽ പോയപ്പോൾ…അവിടെ മേശ പ്പുറത്ത് ഒരു പത്രത്തിന്റെ വാരാന്ത പതിപ്പ് ശ്രദ്ധയിൽ പെട്ടു…

സാജൻ കാപ്പിൽ എന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ഫോട്ടോ ഗ്രാഫറേ കുറിച്ച് വന്ന ലേഖനം വായിച്ചു….

അദ്ദേഹം നട്ടു വളർത്തിയ കണ്ടൽ കാടുകളുടെ ചിത്രവും, മീനൂട്ടും,,ഏറു മാടവും ഒക്കെ കണ്ടപ്പോൾ നൂറിന്റെ മനസ്സ് തണുത്തു..തുടർന്ന്
താൻ കൊന്നു ഇല്ലാ താക്കിയ ആയിരകണക്കിന് ജീവജാലങ്ങളെ കുറിച്ച് ആലോചിച്ചു… തല വീർത്തു കെട്ടിയപോലെ ആയി…

അയാൾ നേരെ നമ്മേനി പുഴക്കരയിലേക്ക്.പോയി… പ്രകൃതിയെ മെരുക്കാൻ അവിടെ യിരുന്നു ചൂളം വിളിച്ചു….പ്രകൃതിയിൽ കാര്യമായി ഒരു മാറ്റവും കണ്ടില്ല….

എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ വീണ്ടും കടയിലേക്ക്… കടക്കാരൻ സുരേന്ദ്രനോട് താൻ വായിച്ച ആ പത്രത്തിന്റെ പേജ് തരാമോ എന്നു ചോദിച്ചു… അയാൾ അവനെ പരിഹസിച്ചു… പത്രം കാണിച്ചും നീ കുളക്കോഴിയെ പിടിക്കാൻ തുടങ്ങിയോ…..

അതേ നമുക്ക് നോക്കാലോ കുളകോഴി ഇങ്ങോട്ട് വരുമോ എന്ന്….
പത്രവും വാങ്ങി നൂർ വീട്ടിലേക്ക് പോയി…. സകല പേജിലും പത്രത്തിന്റെ ഓഫീസ് നമ്പറിനായി പരതി… ഒടുവിൽ അവൻ അത് കണ്ടെടുത്തു…പത്രത്തിന്റെ ഓഫീസിൽ നിന്നും കാപ്പിൽ സാജന്റെ നമ്പർ സംഘടിപ്പിച്ചു…

പിന്നീട് അങ്ങോട്ട് നിരന്തരം വിളിയായി…. സാജനുമായി നൂർ സൗഹൃദം സ്ഥാപിച്ചു….
സാജന്റെ അടുത്തു പോയി കണ്ടൽ ചെടികളുടെ വിത്ത് സംഘടിപ്പിച്ചു… അവ നടുന്ന രീതിയും മനസ്സിലാക്കി…കൗതുക പൂർവ്വം…. അതിന്റെ പിറകെ പോയി… കൂട്ടിന് തത്ത പ്രേമികളായ കുട്ടികളെയും കൂട്ടി… പുഴയോരം നിറയെ കണ്ടൽ വെച്ചു പിടിപ്പിച്ചു…

പിന്നേ എന്തൊക്കെ വച്ചു പിടിപ്പിക്കാൻ പറ്റുമെന്നു നോക്കി അവയൊക്കെ സംഘടിപ്പിച്ചു…

അൻപത് മീറ്ററോളം പുഴയോരം ക്രമേണ പച്ച പിടിച്ചു വന്നു… കൂടെ തത്തപ്രേമികളും വളർന്നു…

ഉമ്മ മരിച്ചു… നൂർ വീട്ടിൽ ഒറ്റക്കായി… ആളുകൾ അയാളെ വിവാഹത്തിനായി നിർബന്ധിച്ചു… അയാൾ തയ്യാറായില്ല…

.ഞാൻ നമ്മെനിയ വിവാഹം കഴിച്ചു എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറും…..

അന്ന് തുടങ്ങിയ ചൂളം വിളി നിർത്താതെ തുടർന്നു…. കൊക്കും കുളക്കോഴിയും പൊന്മായും ചേരക്കോഴിയും ഒക്കെ നമ്മേനി കരയിലെത്തുമായിരുന്നു….
.കണ്ടൽ കാടുകളുടെ വളഞ്ഞു പുളഞ്ഞു പോകുന്ന വേരുകൾക്കിടയിൽ… മത്സ്യങ്ങൾ മുട്ടയിട്ടു…. അവ വിരിഞ്ഞു മത്സ്യകുഞ്ഞുങ്ങൾ നിറഞ്ഞു… ഞണ്ടുകളും കൊഞ്ചുകളും… സധൈര്യം തീരത്തോട് അടുത്തു വന്നു…

വർഷങ്ങൾ കടന്നു പോയി…. കൂടെ നൂറിന്റെ ശരീരത്തിലെ ദുർമേദസ്സും ഇറങ്ങി പോയി..

ഇതിനിടയിൽ ഏറു മാടത്തിൽ ഇരുന്നു വായനയും ശീലിച്ചു…സലീം അലിയും,, സുന്ദർലാൽ ബഹുഗുണയും പൊക്കൂടനും എൻ എ നസീറും ഒക്കെ ആയി നൂറിന്റെ വായന…..

കാപ്പിൽ സാജൻ നമ്മേനിക്കരയിലെ സന്ദർശ കനായി മാറി…. അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങളിലെ പേജ്കളിലൂടെയും പത്രങ്ങളിലൂടെയും നൂറിനെ നാടറിയിച്ചു

നൂറുദീൻ സ്റ്റാറായി… ആളു കൾക്കിടയിൽ കുളക്കോഴി നൂർ… നൂർനാച്ചുറൽ ആയി…മാറി..

ക്രമേണ അൻപത് മീറ്ററിൽ ഒതുങ്ങിയിരുന്ന നൂറിന്റെ ഹരിത സാമ്രാജ്യം നൂറു മീറ്ററിലേക്ക് പടർന്നു….
പതുക്കെ പതുക്കെ നൂറിന്റെ വികാരം കുടപനച്ചി ഗ്രാമം നെഞ്ചിലേറ്റി.

വേട്ടക്കാരനിൽ നിന്നും വളർന്നു കണ്ടൽ കോട്ടയുടെ അധിപനായി മാറി .ജനങ്ങൾ വാഴ്ത്തി…നൂറൂദീൻ അറിയാതെ നമ്മേനി പുഴയെ പ്രണയിച്ചു… നാട് ഒരുമിച്ചു പറഞ്ഞു…
നൂറ് നമ്മേനിയുടെ സ്വന്തം.

അതേ നമ്മേനിയുടെ കാമുകൻ.

Related posts

Leave a Comment