നാഗാലാൻഡ് ; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടും: ഷാ ,മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ; വെടിയൊച്ച പാർലമെന്റിലും കൂട്ടക്കൊലയെ ന്യായീകരിച്ച് കേന്ദ്രം

പ്രത്യേക ലേഖകൻ

ന്യൂഡൽഹി : നാഗാലാൻഡിൽ നിരപരാധികളായ ഗ്രാമീണരെ സൈന്യം വെടിവെച്ചുകൊന്ന സംഭവം പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടക്കൊലയെ ന്യായീകരിച്ചു.
കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്‌സഭയിൽ വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തുമെന്ന് സ്പീക്കർ ഓംബിർള അറിയിച്ചു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചർച്ച വേണമെന്നും ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും നിർത്തിവെച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അമിത് ഷാ പാർലമെന്റിൽ വിശദീകരിച്ചു. നാഗാലാൻഡിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാൽ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. മോൺ ജില്ലയിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 21 കമാൻഡോകൾ സംശയാസ്പദമായ പ്രദേശത്ത് എത്തിയതെന്നും ഷാ പറഞ്ഞു. ഒരു വാഹനം അവിടെയെത്തിയെന്നും നിർത്താൻ സൂചന നൽകിയെങ്കിലും അത് നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ചെന്നും തീവ്രവാദികൾ സഞ്ചരിച്ച വാഹനം എന്ന സംശയത്തിൽ സെന്യം വെടിയുതിർത്തുവെന്നുമാണ് ആഭ്യന്തര മന്ത്രിയുടെ അവകാശവാദം. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് സൈന്യത്തിന് പിന്നീട് ബോധ്യപ്പെട്ടു. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം അറിഞ്ഞതിനെ തുടർന്ന് ഗ്രാമീണർ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണമുണ്ടായതായും ഷാ കൂട്ടിച്ചേർത്തു.
അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്നു പ്രതിപക്ഷം നിലപാടെടുത്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെവച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് എഎഫ്എസ്പിഎ പോലുള്ള വിവാദ നിയമങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയുധമില്ലാതെയെത്തിയ സാധാരണക്കാരെ ആയുധധാരികളായ അക്രമകാരികളായി എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. തുടർന്ന് തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽനിന്ന് ഇറങ്ങിപ്പോയി. കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്വന്തം മണ്ണിൽ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.
നാഗാലാൻഡിലെ ഗ്രാമീണർക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. മോൺ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികൾക്കു നേരെയാണ് വെടിയുതിർത്തത്. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment