നാഗചൈതന്യയുടെ റോൾ മോഡൽ ബോളിവുഡിലെ ഒരു ‘ഡിവോഴ്‌സ് എക്‌സ്‌പേർട്ട്’ ആണ് ; കങ്കണ

മുംബൈ: തെന്നിന്ത്യൻ താര ദമ്പതിമാരായ സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചന വാർത്തയിൽ ബോളിവുഡ് നടനെതിരെ പരിഹാസവുമായി നടി കങ്കണ . സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമത്തിൽ നടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബോളിവുഡിലെ ഡിവോഴ്‌സ് എക്‌സ്‌പേർട്ടായ ഒരു നടനാണ് ഇരുവരുടേയും വേർപിരിയലിന് പിന്നിലെന്നാണ് കങ്കണയുടെ ആരോപണം. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ആ നടനാണ് നാഗചൈതന്യയുടെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമെന്ന് കങ്കണ കുറിച്ചു. ബോളിവുഡ് നടൻ അമീർഖാനെതിരെയായിരുന്നു നടിയുടെ ഒളിയമ്പ്.

കുറിപ്പിന്റെ പൂർണ്ണരൂപം :

‘വിവാഹ മോചനം നടക്കുമ്പോൾ എപ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്. ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരിയും മുൻവിധിയുള്ളയാളുമാണെന്ന് തോന്നിയേക്കാം, പക്ഷെ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷൻ ഒരു വേട്ടക്കാരനാണ്, സ്ത്രീ ഒരു പരിപാലകയും. നൂറിലൊരു സ്ത്രീ നേരത്തെ ആ പട്ടികയിൽ പെടുന്നില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇത്തരക്കാർക്ക് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ ലജ്ജിക്കുന്നു. അവർ പുരുഷന്മാരെ പ്രകീർത്തിക്കുകയും സ്ത്രീകളെ വിധിക്കുകയും ചെയ്യുന്നു.വിവാഹ മോചന സംസ്‌കാരം മുമ്പ് ഒരിക്കലുമില്ലാത്ത വിധം ഉയരുകയാണ്. പത്തുവർഷത്തോളം പ്രണയിച്ച് നാലു വർഷത്തോളമായി വിവാഹബന്ധത്തിലിരുന്ന ഈ തെന്നിന്ത്യൻ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു. ബോളിവുഡിലെ ഒരു ‘ഡിവോഴ്‌സ് എക്‌സ്‌പേർട്ട്’ ആയാണ് ഇയാൾ അറിയപ്പെടുന്നത്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാൽ എല്ലാം പെട്ടന്ന് നടന്നു. ഞാൻ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം’ എന്ന് കങ്കണ കുറിച്ചു.

Related posts

Leave a Comment