” നായാട്ട്’ ” ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ.

ഓസ്‌കാർ നോമിനേഷന് സമർപ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കണ്ടെത്താനുള്ള വിധി നിർണയം കൊൽക്കത്തയിൽ നടക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ആണ് ജൂറി ചെയർമാൻ.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് മലയാളത്തിൽ നിള്ന്ന് ഓസ്‌കാർ എൻട്രിക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. തമിഴിൽ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകൻ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.
15 അംഗ ജൂറിക്ക് മുന്നിൽ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോർട്ട് ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാർച്ച് 24ന് നടക്കുന്ന ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമർപ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാർ എൻട്രിയായി സമർപ്പിക്കപ്പെടുന്ന ചിത്രം നോമിനേഷൻ പട്ടികയിൽ ഇടം കണ്ടെത്തിയാൽ മാത്രമേ പുരസ്‌കാരത്തിന് മൽസരിക്കാൻ യോഗ്യത നേടുകയുള്ളൂ.
ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ” നായാട്ട് ” പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെട്ട സർവൈവൽ ഡ്രാമയാണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ൽ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എൻട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനിൽ ഇടം നേടാനായില്ല. 2019ൽ ഗള്ളി ബോയ്, 2018ൽ വില്ലേജ് റോക്ക് സ്റ്റാർസ്, 2017ൽ ന്യൂട്ടൺ, 2016ൽ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എൻട്രികളായി അയക്കപ്പെട്ടത്.

വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment