മരണത്തിൽ ദുരൂഹത ; ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് സംസ്‌കാരം തടഞ്ഞ് പൊലീസ്

ഇടുക്കി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്ബ് സംസ്‌കാരം പൊലീസ് തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഇടനട്ട് സ്വദേശികളായ രാമസ്വാമി-വെള്ളയമ്മ ദമ്പതികളുടെ മകൻ സുബ്രമണ്യ(45)ന്റെ സംസ്‌കാരമാണ് ദേവികുളം എസ് ഐ ജോയി ജോസഫിന്റെ നേതൃത്വത്തിൽ തടഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

10 വർഷം മുമ്പ് രോഗബാധയെ തുടർന്ന് ഭാര്യ ചന്ദ്ര മരിച്ച ശേഷം സുബ്രമണ്യൻ സഹോദരനൊപ്പം കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കൾ തിടുക്കത്തിൽ വീട് കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച്‌ ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

തുടർന്ന് നാട്ടുകാർ സംഭവം ദേവികുളം പൊലീസിൽ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുമ്പ് സംസ്‌കാരം തടഞ്ഞത്. തുടർന്ന് പൊലീസ് ഗ്രാമത്തിലെ നേതാക്കന്മാർ, ബന്ധുക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷം മൃതദേഹം പരിശോധനകൾക്കായി അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സുബ്രമണ്യൻ ഏറെ നാളായി അസുഖ ബാധിതനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Related posts

Leave a Comment