എസ്ഡിപിഐയുടെ ഔദാര്യമല്ല എന്റെ കൗൺസിലർ സ്ഥാനം, വർ​ഗീയത തുലയട്ടെ എന്ന് പോസ്റ്റ് ; പൊളളിയത് സിപിഎമ്മിന്, കൗൺസിലർക്കെതിരെ നടപടി

പത്തനംതിട്ട: എസ്ഡിപിഐക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ച കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സിപിഎം. പത്തനംതിട്ട നഗരസഭാ കൗൺസിലറും നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി.ആർ. ജോൺസണെയാണ് സിപിഎം നടപടിക്ക് വിധേയനാക്കുന്നത്. എന്നാൽ പാർട്ടിഅച്ചടക്ക നടപടിക്ക് കാരണമായി പറയുന്നത് പത്തനംതിട്ടടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനം തർക്കം മൂലം നിർത്തവയ്ക്കേണ്ടിവന്നതാണ് എന്നാണ്.

ജോൺസണെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം തർക്കം മൂലം നിർത്തവയ്ക്കേണ്ടിവന്നതിനെപ്പറ്റി ജോൺസണോട് പാർട്ടി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നേരത്തെ പത്തനംതിട്ട നഗരസഭാ ചെയർമാനും കൗൺസിലർമാരും ഉൾപ്പെട്ട ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ ജോൺസൺ എസ്ഡിപിഐയുടെ ഔദാര്യമല്ല തന്റെ കൗൺസിലർ സ്ഥാനമെന്നും വർഗീയവാദം തുലയട്ടെയെന്നും പോസ്റ്റിട്ടിരുന്നു.

ഇത് വിവാദമാകുകയും എസ്ഡിപിഐ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണത്തിലേറിയത്. ഇതിന് പ്രത്യുപകാരമായി നഗരസഭാവൈസ്ചെയർമാൻസ്ഥാനവും സ്റ്റാന്റിങ് കമ്മറ്റിയും സിപിഎം എസ്ഡിപിഐക്ക് നൽകിയിരുന്നു. എസ്ഡിപിഐയുമായി അധികാരംപങ്കിടില്ലെന്ന് സിപിഎംനേതാക്കൾ പറയുന്നതിനിടെ പത്തനംതിട്ട നഗരസഭയിലെസിപിഎംഎസ്ഡിപിഐ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ തന്നെ ചർച്ചയായിരുന്നു.

എസ്ഡിപിഐക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിൽ ജോൺസൺ നടത്തിയ പരാമർശങ്ങൾ സിപിഎംനേതാക്കളെ ചൊടിപ്പിച്ചിരുന്നതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് സൂചന. ടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായതോടെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പാർട്ടി ഒരുവിഭാഗം കയ്യടക്കുന്നതിലുള്ള തർക്കമാണ്ബ്രാഞ്ച് സമ്മേളനത്തിലും മത്സരമുണ്ടാകാൻ കാരണമെന്നാണ് സൂചന. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് ചേർത്ത് നിർത്തണമെന്ന് പറയുമ്പോഴും അതിലും ചിലർക്ക് പ്രത്യേകപ്രിവിലേജ് ഉണ്ടെന്ന് തെളിയിക്കുന്നതാണി നടപടിയെന്ന് അഭിപ്രായപ്പെടുന്നവരും പാർട്ടിക്കുള്ളിലുണ്ട്.

Related posts

Leave a Comment