മരംമുറി കേസുകള്‍ ഒതുക്കാൻ ശ്രമം: എം എം ഹസൻ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ കേരളത്തിൽ വ്യാപകമായി വൻതോതിൽ നടന്ന മരം കള്ളക്കടത്തിനെക്കുറിച്ചു ള്ള അന്വേഷണം അട്ടിമറിക്കാനും പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഒത്തുതീർപ്പാക്കാനും സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി യു ഡി എഫ് കൺവീനർ എം എം ഹസൻ ആരോപിച്ചു.

മരംമുറി സംബന്ധിച്ച് ഫോറസ്റ്റ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ 15 കോടി രൂപയുടെ മരങ്ങൾ കടത്തിയതായി കണ്ടെത്തുകയും പോലീസ് കുറെ കേസുകൾ ചാർജ് ചെയ്യുകയും ചെയ്തു. ആ കേസുകൾ അപ്രസക്തമാക്കി ഈ തുക എഴുതി തള്ളാനുള്ള നീക്കങ്ങൾ നടക്കുകയാണ്. മരം മുറി സംബന്ധിച്ച് മുൻ റവന്യൂ മന്ത്രിയുടെ കുറ്റസമ്മത ത്തോടെ അന്വേഷണം മുൻ റവന്യൂമന്ത്രി യിലേക്കും മുഖ്യമന്ത്രിക്കും നേരെ നീളുമെന്ന് കണ്ടതോടെയാണ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ഹസൻ പറഞ്ഞു.

മുൻ റവന്യൂ മന്ത്രിയുടെ ഫയൽ നോട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റുകയും നിർബന്ധിച്ച് ലീവിൽ പ്രവേശിപ്പിക്കുകയും ചെയ്തശേഷം ഇപ്പോൾ അവരുടെ സത് സേവന രേഖ പൂർവ്വകാല പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തിരിക്കുന്നു.റവന്യൂ വകുപ്പിലെയും ഫോറസ്റ്റ് വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരെ സസ്പെൻഡ് ചെയ്തു കേസ് തേച്ചുമാച്ചു കളയാൻ സർക്കാരിൽ ഉന്നത തലത്തിലാണ് ശ്രമങ്ങൾ നടക്കുന്നത് .500 കോടിയിലധികം രൂപയുടെ വൻതോതിൽ മരം കള്ളക്കടത്തു നടത്തിയ ഇവർക്കെതിരെയുള്ള അഴിമതിയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണം നടത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

മരംമുറിക്ക് ഉത്തരവ് നൽകിയ മുൻ റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പങ്കിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തുവരൂ . അഴിമതിക്കാരെ രക്ഷിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമുള്ള സർക്കാർ നീക്കത്തെ യുഡിഎഫ് ശക്തമായി എതിർക്കുകയും ജുഡീഷ്യൽ അന്വേഷണത്തിനായുള്ള സമരം ശക്തിപ്പെടുത്തുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

Related posts

Leave a Comment