മുട്ടിൽ മരംകൊള്ളക്കേസിലെ ധർമ്മടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പറയണം ; വി ഡി സതീശൻ

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളക്കേസിലെ ധർമ്മടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും നിയമ നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

മൂന്ന് തവണ വിഷയം സഭയിൽ ഉന്നയിച്ചതാണ്. സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് സാജൻ. മരംകൊള്ള ബ്രദേഴ്സിൻറെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനാണ് ഇയാൾ. ഇയാൾക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി ഇയാളുടെ ഫയൽ മടക്കുകയും ചെയ്തു. ഒരു ട്രാൻസ്ഫറിൽ ഒതുക്കുകയാണ് ചെയ്തത്- പ്രതിപക്ഷനേതാവ് പറഞ്ഞു.

മരം സംരക്ഷിക്കാൻ വേണ്ടി ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിൻറെ ധർമ്മടം ബന്ധം എന്താണെന്ന് പ്രതിപക്ഷ നേതാവ് ആരാഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഘണ്ടു നോക്കി നിയമോപദേശം നൽകുന്ന കാലമാണിത്. സർക്കാർ ചോദിച്ചുവാങ്ങുന്ന നിയമോപദേശങ്ങൾ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കുവേണ്ടി നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.

Related posts

Leave a Comment