മുട്ടിൽ മരം മുറി വിവാ​ദം: റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ശാലിനിക്കെതിരായ പരാമർശം നീക്കി, ​ഗുഡ്സ് സർവീസ് എൻട്രി തിരികെ നൽകിയില്ല

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ റവന്യു വകുപ്പ് മുൻ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്കെതിരായ പരാമർശം നീക്കി, എന്നാൽ അതേത്തുടർന്നു പിൻവലിച്ച ​ഗുഡ്സ് സർവീസ് എൻട്രി തിരികെ നൽകിയില്ല. ശാലിനി വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥയെന്ന പരാമർശമാണ് നീക്കം ചെയ്തത്. ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരിച്ചെടുത്ത ഉത്തരവിലാണ് റവന്യൂ സെക്രട്ടറി വിവാദ പരാമർശം ഉൾപ്പെടുത്തത്. പരാമ‌ർശം നീക്കിയെങ്കിലും ​ഗുഡ് സ‌ർവ്വീസ് തിരിച്ചെടുത്ത നടപടിക്ക് മാറ്റമില്ല.

മരം മുറിയുടെ രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയതിനായിരുന്നു ഉദ്യോ​ഗസ്ഥ‌യ്ക്കെതിരെ നടപടിയെടുത്തത്. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശാലിനി മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി ചീഫ് സെക്രട്ടറി പരിശോധിച്ചാണ് പരാമർശം നീക്കിയത്.

പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് 2021 ഏപ്രിലിൽ ​ഗുഡ് സർവീസ് എൻട്രി നൽകിയത്.‌ മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നിർ‍ദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്നായിരുന്നു ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Related posts

Leave a Comment