മുതലമടയിലെ സമരം നീതിക്കുവേണ്ടി ; കെപിസിസി വൈസ്പ്രസിഡന്റ് വിപി സജീന്ദ്രൻ എഴുതുന്നു


വർഷങ്ങൾക്കു മുൻപ് പട്ടികജാതിക്കാരായ ചക്കളിയാർ വിഭാഗത്തോട് അയിത്തമുണ്ടായിരുന്നതിന്റെ പേരിൽ ലോകം മുഴുവൻ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ സ്ഥലമാണ് മുതലമടയിലെ അംബേദ്കർ  കോളനി.കോളനി നിവാസികൾ കഴിഞ്ഞ 39 ദിവസക്കാലമായി മുതലമട പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ സമരത്തിലാണ്.പാലക്കാട് ചിറ്റൂർ താലൂക്ക് മുതലമട അംബേദ്കർ കോളനി നിവാസികളുടെ സമരപന്തലിൽ പോയി. ജാതി വിവേചനവും അവഗണനയും നേരിടുന്ന അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും അവിടെ സജീവമായി സമരം നടക്കുന്നു.ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എണ്ണമറ്റ മനുഷ്യരെ കണ്ടു. ഒട്ടുമിക്ക വീടുകളിലും പോയി. ഒറ്റമുറി വീട്ടിൽ രണ്ടും മൂന്നും കുടുംബങ്ങൾ കുട്ടികൾ ഉൾപ്പെടെ പത്ത് പതിനഞ്ച് വ്യക്തികൾ കഴിഞ്ഞു കൂടുന്നു. അവരുടെ  സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പ്രത്യേകമായി ഈ വിഷയം അവതരിപ്പിക്കാം എന്നും നിയമസഭയിൽ ഈ വിഷയം കൊണ്ടുവരുമെന്നും നീതി ലഭിക്കും വരെ നിങ്ങളോടൊപ്പം ഏത് സഹായത്തിനും ഉണ്ടാകുമെന്നും ഉറപ്പുകൊടുത്തു.
തികഞ്ഞ ജാതി വിവേചനവും രാഷ്ട്രീയ അവഗണനയുമാണ് അവിടെ കാണുവാൻ സാധിച്ചത്.ഇടതുപക്ഷ സർക്കാരിൻറെ കാലത്ത്  രാജേഷ് എംപിയുടെ നേതൃത്വത്തിൽ ഭരണകക്ഷി എം എൽ എ മാർ മുതലമട അംബേദ്കർ കോളനി നിവാസികളുടെ സമരത്തിൽ ചെന്നു. അവിടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും എന്ന് ഉറപ്പു കൊടുത്തു. പക്ഷേ പിന്നീട് ആ സമരത്തിൽ ഭിന്നിപ്പുണ്ടാക്കി അവരുടെ സമരവീര്യത്തെ ദുർബലപ്പെടുത്താൻ  വന്നവർ ശ്രമിച്ചു. അന്ന് വീട് കൊടുത്ത പലരും തമിഴ്നാട്ടിൽ വീടും സ്ഥലവും ഉള്ളവരാണ് എന്ന് മനസ്സിലാക്കാൻ എനിക്കു സാധിച്ചു.
ഇന്നു സമരം ചെയ്യുന്നത് യഥാർത്ഥ ആവശ്യക്കാരാണ്. ഇല്ലായ്മകാരൻ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം ചെയ്യുമ്പോൾ ദയവുചെയ്ത് ആ സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ദളിത് പിന്നോക്ക സമരങ്ങൾക്ക് നേരെ,സമര നേതാക്കൾക്ക് നേരെ വളരെ മോശപ്പെട്ട സമീപനം ആണ്. അവരെ അപകീർത്തിപ്പെടുത്തി, തീവ്രവാദ സംഘടനകൾ ആയി ചിത്രീകരിച്ച്,പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി, കള്ളക്കേസിൽ കുടുക്കി എങ്ങനെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്.
എന്തുകൊണ്ട് നാല്പത് ദിവസം മുമ്പ് വീണ്ടും മുതലമടയിൽ ഒരു സമരപ്പന്തൽ ഉയർന്നു..? ഒന്ന് തലചായ്ക്കാനൊരിടം. സ്ഥലം ഉള്ളവർക്ക് വീട് ലഭിക്കണം അതുപോലെ സ്ഥലവും വീടും ഇല്ലാത്തവർക്ക് സ്ഥലവും വീടും ലഭിക്കണം. മറ്റൊന്ന് അരി വാങ്ങാൻ അവർക്ക് അർഹതപ്പെട്ട റേഷൻ കാർഡ് വേണം.ഈ ദളിത് കോളനിവാസികൾ എങ്ങനെ എപിഎൽ വിഭാഗത്തിൽ വന്നു..? കിടപ്പാടം പോലും ഇല്ലാത്ത കോളനി നിവാസികളിലെ നല്ലൊരു ശതമാനവും കുടുംബങ്ങളും എപിഎൽ ലിസ്റ്റിലാണ്. എല്ലാവർക്കും റേഷൻ കാർഡ് ബിപിഎൽ കാർഡ് ആക്കി അടിയന്തരമായി കൊടുക്കണം.സമരവുമായി മുന്നോട്ടുവന്ന ചെറുപ്പക്കാർക്ക് നേരെ നാളിതുവരെ എടുത്തിരിക്കുന്ന കേസുകൾ നിരവധിയാണ്. ആ കേസുകൾ പിൻവലിക്കണം.പത്തിനും പതിനാറിനും ഇടയിൽ കേസുകൾ ചാർജ് ചെയ്യപ്പെട്ട യുവതി യുവാക്കൾ വരെ ഉണ്ട്. കേസുകൾ മൂലം പി എസ് സി പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യം അവിടെ ഉണ്ട്. അതിന് പരിഹാരം ഉണ്ടാകണം.സർക്കാർ ദുരഭിമാനം വെടിഞ്ഞ് അടിയന്തരമായി ഇതിൽ ഇടപെടണം.

മുതലമട അബ്ദേക്കർ കോളനി നിവാസികൾക്കു നീതി ലഭിക്കട്ടെ.

Related posts

Leave a Comment