പിടി വാശി നിർത്താതെ സർക്കാർ ; പ്ലസ് വൺ പരീക്ഷ നടത്തിയേ തീരൂ : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷ നടത്തുകയെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണെന്നും പരീക്ഷ സംബന്ധിച്ച് പതിമൂന്നിന് കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിക്ക് കൈമാറുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്ക് ഗ്രേഡ്,  മാർക്ക്‌ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും. വരുംകാലങ്ങളിലെ മത്സര പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ മാർക്കോ, ഗ്രേഡോ ഇല്ലാതെ ഓൾ പ്രൊമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നതിന് തടസം ആയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അധ്യാപകരുടെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിനാവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽപി, യുപി ഹെഡ്മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് വേഗം തീർപ്പാക്കാൻ പരിശ്രമങ്ങൾ നടത്തും. യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും പങ്കെടുത്തു. 

Related posts

Leave a Comment