ബിജെപി നേതാക്കളുടെ നബി നിന്ദ: വിദേശരാജ്യങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നു

ന്യൂഡൽഹി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാകിസ്ഥാൻ. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങളും രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ നബിവിരുദ്ധ പരാമർശം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തർ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യകാര്യ ഉപവിദേശകാര്യ മന്ത്രി അംബാസഡർക്ക് കൈമാറി.
ടെലിവിഷൻ വാർത്താ സംവാദത്തിനിടെയാണ് പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നുപുർ ശർമ്മ മോശം പരാമർശം നടത്തിയത്. ബിജെപിയുടെ മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളും ഇതേ പരാമർശം നടത്തി. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിലെ ചില വ്യക്തികളും സംഭവങ്ങളും പരിഹാസപാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Related posts

Leave a Comment