ഡിജിപി നിയമനംഃ പോലീസ് ആസ്ഥാനത്ത് അതൃപ്തി പുകയുന്നു


തിരുവനന്തപുരംഃ ലോക്നാഥ് ബഹറ വിരമിച്ച ഒഴിവില്‍ നടത്തിയ ഡിജിപി നിയമനത്തില്‍ പോലീസ് ആസ്ഥാനത്ത് അതൃപ്തി പുകയുന്നു. സീനിയോരിറ്റി മറികടന്നു മറ്റൊരാളെ തല്‍സ്ഥാനത്തു നിയമച്ചതില്‍ അതൃപ്തി പരസ്യമാക്കി മാറി നിന്ന എഡിജിപി ബി. സന്ധ്യ, തനിക്കു ഡിജിപി പദവി നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു കത്ത് നല്‍കിയതിനു പിന്നാലെ, ഇതേ ശുപാര്‍ശയുമായി പുതിയ പോലീസ് മേധാവി അനില്‍ കാന്തും രംഗത്ത്. സന്ധ്യക്കു ഡിജിപി റാങ്കും ശമ്പളവും അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ശുപാര്‍ശ. ഇതിനായി താല്‍ക്കാലിക തസ്തി സൃഷ്ടിക്കണമെന്നും അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ, പോലീസ് മേധാവിയെ ഉപദേശിക്കാന്‍ നാലംഗ പോലീസ് ഉന്നത സംഘത്തെ നിയമിച്ചതിലും പോലീസില്‍ അതൃപ്തിയുണ്ട്. വിചിത്രമായ നടപടി എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

എഡിജിപിമാരായ ബി. സന്ധ്യ, സുരേഷ് കുമാര്‍ എന്നിവരുടെ സീനിയോരിറ്റി മറികടന്നാണ് അനില്‍ കാന്തിനെ ഡിജിപിയായി നിയമിച്ചത്. ഡിജിപി കേഡറും ചീഫ് സെക്രട്ടറിയുടെ ശമ്പളവും അനുവദിച്ചായിരുന്നു നിയമനം. ജൂനിയറായ ഒരാളെ ഇങ്ങനെ നിയമിക്കുമ്പോള്‍ സീനിയേഴ്സിനും തുല്യ പദവി അനുവദിക്കാറുണ്ട്. എന്നാല്‍ സന്ധ്യക്കും സുരേഷ് കുമാറിനും ഇത് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധം ഉന്നയിച്ചാണ് സന്ധ്യ സര്‍ക്കാരുന കത്ത് നല്‍കിയത്.

സന്ധ്യയുടെ പരാതി ന്യായമാണെന്നു കണ്ടാണ്, അവരെ താല്‍ക്കാലികമായി ഡിജിപിയായി പ്രമോട്ട് ചെയ്യണമെന്ന് ഡിജിപി ‌അനില്‍ കാന്ത് ആഭ്യന്തര മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിച്ചത്. ഇക്കാര്യം ബുധനാഴ്ച കൂടുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. നിലവില്‍ ഡിജിപി പദവിയിലുള്ള റിഷിരാജ് സിംഗ് ഈ മാസം 31നു വിരമിക്കും. ഈ ഒഴിവില്‍ സന്ധ്യക്ക് സ്വാഭാവിക പ്രമോഷന്‍ നല്‍കണം. എന്നാല്‍ അതു വരെ കാത്തിരിക്കുന്നത് അവരുടെ പദവിക്കും ശമ്പളത്തിനും കുറവാണെന്നാണ് ആക്ഷേപം. ഇപ്പോള്‍ത്തന്നെ സന്ധ്യക്ക് ഒരു മാസം നഷ്ടപ്പെട്ടു. ഇത് ഉടന്‍ പരിഹരിക്കണണെന്നാണ് അനില്‍ കാന്തിന്‍റെ ശുപാര്‍ശയ്ക്കു പിന്നില്‍.

അതേ സമയം, പുതിയ ഡിജിപിക്ക് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് മറ്റൊരു ആക്ഷേപം. താഴ്ന്ന റാങ്കില്‍പ്പെട്ട നാല് എഡിജിപിമാരുടെ ഉപദേശത്തിനനുസരിച്ചു മാത്രമേ അദ്ദേഹത്തിനു പ്രധാന തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. ആസ്ഥാന ഡിഐജി മനോജ് ഏബ്രഹാം, ഇന്‍റലിജന്‍സ് വിഭാഗം എഡിജിപി ടി.കെ. വിനോദ് കുമാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറേ, ക്രൈം ബ്രാഞ്ച് മേധാവി ​എസ് ശ്രീജിത്ത് എന്നിവര്‍ക്കാണ് ഡിജിപിയെ ഉപദേശിക്കാനുള്ള ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ കാന്തിനെ ഡിജിപിയായി നിയമിച്ചത്. ലോക്നാഥ് ബഹറ, മുന്‍ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരും ഇതിനായി മുഖ്യമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.Related posts

Leave a Comment