91-ാം വയസ്സിൽ നാലാം വിവാഹ ബന്ധവും അവസാനിപ്പിക്കാൻ മർഡോക്

ന്യൂഡൽഹി: മാധ്യമ മുതലാളി 91-കാരനായ റുപ്പർട്ട് മർഡോക്കും ഭാര്യയും നടിയുമായ 65-കാരി ജെറി ഹാളും വേർപിരിയുന്നു. മർഡോക്കും ജെറിയും 2016-ലാണ് വിവാഹിതരായത്. മർഡോക്കിന്റെ നാലാമത്തെ വിവാഹമായിരുന്നു ഇത്. ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക് ജെറിയുമായുള്ള വിവാഹത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു. 90-ാം പിറന്നാൾ ആഘോഷിച്ചതും ജെറിയോടൊപ്പമായിരുന്നു.
റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്ന ജെറി ഹാൾ, 20 വർഷം നീണ്ട ബന്ധം 1999-ൽ പിരിഞ്ഞ് മർഡോക്കുമായി പ്രണയത്തിലാവുകയായിരുന്നു. ഓസ്‌ട്രേലിയയിൽ ജനിച്ച, യുഎസ് പൗരനായ മർഡോകിന് ആദ്യ മൂന്നു ഭാര്യമാരിലായി ആറു മക്കളുണ്ട്. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെൻഡി ഡെങ്ങ് എന്നിവരായിരുന്നു ആദ്യ ഭാര്യമാർ. ഇതിൽ 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014ലാണ് വെൻഡി ഡെങ്ങുമായി വേർപിരിഞ്ഞത്. തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് മർഡോക് ജെറി ഹാളിനെ വിവാഹം ചെയ്തത്. ഫോക്‌സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, സൺ നെറ്റ് വർക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മർഡോക്. 2018-ൽ മൂത്ത മകൻ ലച്‌ലനെ തന്റെ പിൻഗാമിയായി മർഡോക് നിയമിച്ചിരുന്നു.

Related posts

Leave a Comment