ആർ.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പുഴയിൽ സമാധാനം നിലനിർത്തുന്നതിന് ആർ.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണമെന്നും കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘കേരളം ഇന്ന് ഉണർന്നത് ആലപ്പുഴയിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്ത കേട്ടാണ്. ഈ കൊലപാതകങ്ങളെ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു.ആർ എസ്.എസും എസ്.ഡി. പി.ഐ യും ആയുധങ്ങൾ താഴെ വയ്ക്കുക എന്നതാണ് പ്രധാനമായും ഞാൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. ഇതിന് നേതൃത്വം കൊടുക്കുന്ന നേതാക്കൾക്കെതിരെ കർശനനടപടി എടുക്കുവാൻ പോലീസ് സംവിധാനത്തിന് കഴിയണം.സമീപ കാലമായി കേരളത്തിൽ നടക്കുന്ന ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിസ്സഹായത വ്യക്തമാക്കുന്നു. നീതി നിർവഹണത്തിന്റെ കാര്യത്തിൽ പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഒരു പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ്.ക്രമ സമാധാനനില പാലിക്കേണ്ട കാര്യത്തിലും. കുറ്റവാളികളെ കണ്ടെത്തേണ്ട വിഷയങ്ങളിലും അക്രമങ്ങൾ അമർച്ച ചെയ്യുന്നതിലും പോലീസ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. ഇവയെല്ലാം ഈ അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിന് കാരണമാണ്.ആലപ്പുഴ ജില്ലയിൽ പോലീസ് മുൻകരുതൽ നടപടികൾ എടുത്തില്ലെങ്കിൽ ഈ കൊലപാതകങ്ങൾക്ക് തുടർച്ചയായി വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്ന ഭയം ഇല്ലാതില്ല. ഈ കൊലപാതകങ്ങളുടെ പിന്നിലുള്ള കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്രയും വേഗം കൊണ്ട് എത്തിക്കണം.’

Related posts

Leave a Comment