പ്രണയപ്പകയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: പ്രണയപ്പകയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിക്കുന്ന ശിവദാസ്–വത്സല ദമ്പതികളുടെ ഏകമകൾ സൂര്യഗായത്രി (20) ആണ് ഇന്നലെ മരിച്ചത്. പന്ത്രണ്ടിലേറെ തവണ കുത്തേറ്റ സൂര്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതി പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കൊല്ലം സ്വദേശിയായ ഭർത്താവുമായി പിണങ്ങി ആറു മാസമായി മാതാപിതാക്കൾക്ക് ഒപ്പം താമസിച്ചിരുന്ന യുവതിയെ അരുൺ കുത്തിപ്പരിക്കേൽപ്പിച്ചത്. അടുക്കളയിലൂടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യഗായത്രിയുടെ മാതാവ് വൽസലയക്കും കുത്തേറ്റു. ഇവർ തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. യുവതിയെ കുത്തിയ ശേഷം രക്ഷപ്പെട്ട അരുണിനെ നാട്ടുകാരാണ് പിടികൂടി വലിയമല‌ പൊലീസിന് കൈമാറിയത്.
അതേസമയം, പ്രതി അരുൺ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും അമ്മയെയും കുത്തിയശേഷം ഇയാൾ സ്വയം കയ്യിൽ വെട്ടി പരുക്കേൽപിച്ചു. പൊലീസ് പിടികൂടുമ്പോൾ കയ്യിൽനിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു. വാടകയ്ക്കു അടുത്ത സ്ഥലങ്ങളിൽ താമസിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തി വിവാഹ അഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർക്കു താൽപര്യമില്ലാത്തതിനാൽ വിവാഹം നടന്നില്ല. യുവതിയെ ശല്യപ്പെടുത്തുന്നത് തുടർന്നതോടെ വീട്ടുകാർ ആര്യനാട് പൊലീസിൽ നാലു വർഷം മുമ്പ് പരാതി നൽകി. പൊലീസ് വിളിപ്പിച്ചപ്പോൾ ഇനി ശല്യം ചെയ്യില്ലെന്ന് അരുൺ ഉറപ്പ് നൽകി.
അരുൺ പിന്നീട് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. സൂര്യഗായത്രിയും കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു.  ഭർത്താവുമായി പിണങ്ങി 6 മാസമായി മാതാപിതാക്കളോടൊപ്പമാണ് താമസം. ഇതിനിടയിൽ അരുണുമായി വീണ്ടും ബന്ധം സ്ഥാപിച്ചോ, കുത്തിക്കൊലപ്പെടുത്താനുള്ള പ്രകോപനത്തിന്റെ കാരണമെന്ത് തുടങ്ങിയവ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.
പൊതു സ്ഥലങ്ങളിൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും നാട്ടിൽ മോശക്കാരനാക്കിയതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് അരുൺ പറഞ്ഞത്. പൊലീസ് ഈ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിച്ചുവരികയാണ്.

Related posts

Leave a Comment