നടുറോഡിൽ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം ;പരാതിയില്ലെന്ന് യുവതി

പാറശാല: വനിതാ ഡോക്ടറെ നടുറോഡിൽ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സംഭവം നടന്നത്.

റോഡിനരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്നെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ യുവതിയെ മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകൾ തുറിച്ച്‌ ശ്വാസം നിലച്ച്‌ നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു. നാട്ടുകാർ യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടു.

യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും യുവതി പറയുന്നുണ്ടായിരുന്നു. പാറശാല പൊലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാൽ പരാതി നൽകാൻ താൽപര്യം ഇല്ലെന്ന് യുവതി പറഞ്ഞു. പൊലീസ് കേസ് എടുത്തിട്ടില്ല.

Related posts

Leave a Comment