മുരളിയുടെ സങ്കടങ്ങൾ; ജെസ്സിയുടെ വിഹ്വലതയും…

നിസാർ മുഹമ്മദ്

തിരുവനന്തപുരം: ‘മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്’ -ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ വിലയിരുത്തലാണിത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ മുരളിയെ കണ്ടവരാരും ഈ അഭിപ്രായത്തോട് വിയോജിക്കില്ല. എല്ലാവരാലും വെറുക്കപ്പെടുന്നവനെന്ന സ്വയംബോധത്തിന്റെയും ഉള്ളുലയ്ക്കുന്ന സങ്കടങ്ങളുടെയും ആത്മസംഘർഷത്തിന്റെയും നടുവിൽ ജീവിക്കുന്ന മുഴുക്കുടിയൻ മുരളിയെ അത്രയേറെ തന്മ‍യത്വത്തോടെയാണ് ജയസൂര്യ അഭ്രപാളിയിൽ പകർത്തിയത്. ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനിടെ കേരളത്തിലെ തിയറ്ററുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വെള്ളം. ആദ്യ ദിനങ്ങളിൽ തന്നെ മുരളി ആസ്വാദകരുടെ ഹൃദയം കവർന്നു.
 വെള്ളത്തിന്റെ ഷൂട്ടിങ് പൂർത്തിയായപ്പോൾ ജയസൂര്യ പറഞ്ഞത് ഇങ്ങനെയാണ്: ‘അഭിനയത്തിൽ കള്ളത്തരം കാണിച്ചാൽ അതു സ്ക്രീനിൽ കാണും. അഭിനയത്തിലെ സത്യസന്ധത സ്ക്രീനിൽ പ്രതിഫലിക്കും. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ മുരളിയോട് ഞാൻ സത്യസന്ധത പുലർത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം’. കാൽപ്പന്ത് കളിയിലെ ഇതിഹാസ താരം സത്യന്റെ ജീവിതം പകർത്തിയ ക്യാപ്റ്റനെന്ന ചിത്രത്തിന് ശേഷമാണ് പ്രജേഷ് സെൻ വെള്ളത്തിന്റെ കഥ പറയാൻ ജയസൂര്യയയുടെ അടുത്തെത്തുന്നത്. “ആള് ഫുൾ കള്ളുകുടിയനാ! പക്ഷേ, നായകൻ ഇതിനകത്ത് മദ്യം കഴിക്കുന്നത് കാണിക്കുന്നില്ല,”-  മുരളിയെന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ഈ രണ്ടു വാചകങ്ങൾ പറഞ്ഞപ്പോൾ തന്നെ ജയസൂര്യ ഉറപ്പിച്ചു; ഈ ചിത്രം തന്റെ ജീവിതത്തിലെ വഴിത്തിരിവാകുമെന്ന്. ഒരു കള്ളുകുടിയന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് വെള്ളത്തിലൂടെ പ്രജേഷ് സെൻ പറഞ്ഞത്. കള്ളുകുടിയന്റെ പല അവസ്ഥകളും സിനിമയിലുണ്ടായിരുന്നു. കള്ളു കുടിച്ച് വഴിയിൽ കിടക്കുന്നതൊക്കെ കാണിക്കുന്നുണ്ടെങ്കിലും ഇയാൾ ആകെ ഫിറ്റായി ആടിക്കുഴഞ്ഞ് നടക്കുന്നതോ സംസാരിക്കുന്നതോ സിനിമയിലില്ല. ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ അഭിനയ മികവിനെ മറികടന്നാണ് ഈ വർഷത്തെ പുരസ്കാരത്തിലേക്ക് ജയസൂര്യ എത്തിയതെന്നതും ശ്രദ്ധേയമാണ്. 
അഭിനയത്തിന്റെ എബിസിഡി അറിയാതെയാണ് അന്ന ബെൻ കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോളായത്. അഭിനയം മോശമാണെങ്കിൽ ഈ ഒരൊറ്റപ്പടം കൊണ്ട് നിർത്താം എന്നായിരുന്നു ആലോചന. പക്ഷെ, ബേബിമോൾ പ്രേക്ഷകരുടെ മനസിലേക്കങ്ങ് ഇടിച്ചു കയറി. പിന്നാലെ ഹെലനും കയ്യടി നേടി. അന്നയുടെ മൂന്നാമത്തെ ചിത്രമായിരുന്നു കപ്പേള. ‘ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും അന്ന ബെൻ ആവിഷ്‌കരിച്ചു’വെന്നാണ് പുരസ്കാര പ്രഖ്യാപനത്തിൽ ജൂറി ചൂണ്ടിക്കാട്ടിയത്. ശരിയാണ്, കപ്പേളയിലെ ജെസ്സിയുടെ വിഹ്വലതകൾ അന്നയുടെ മിഴിയനക്കങ്ങളിലുണ്ടായിരുന്നു. മലയാരത്ത് കർഷക കുടുംബത്തിൽ ജീവിക്കുന്ന ജെസ്സിയെന്ന സാധാരണ പെൺകുട്ടി ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത കാമുകനെ കാണാനായി നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേള‌യിലൂടെ സംവിധായകൻ മുസ്തഫ പറഞ്ഞത്. റൊമാന്റിക് ത്രില്ലറെന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രത്തിൽ അന്ന നിറഞ്ഞു നിന്നു.
കുട്ടിക്കാലം മുതലേ കഥകൾ കേട്ടാണ് അന്ന ബെൻ വളർന്നത്. അച്ഛൻ ബെന്നി പി നായരമ്പലം നാടക രചയിതാവ്, തിരക്കഥാ കൃത്ത് എന്നീ നിലകളിൽ അന്നേ പ്രശസ്തനായിരുന്നു. പപ്പ പറഞ്ഞു തന്നിട്ടുള്ള കഥകൾ പിന്നീട്, സിനിമ തെരഞ്ഞെടുക്കുമ്പോഴും അഭിനയിക്കുമ്പോഴും ഏറെ സഹായകമായിട്ടുണ്ടെന്ന് അന്ന ബെൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
കപ്പേളയിലെ ജെസ്സിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തോട് അന്ന പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഒന്നും പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷൻ കോൾ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ കണ്ട കൗതുകത്തിൽ ഇറങ്ങിപ്പുറപ്പെട്ടതാണ്. സെലക്ട് ആയപ്പോഴും അതിനപ്പുറം സ്വപ്നം കണ്ടിരുന്നില്ല. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾക്കും പിന്നീട് വന്ന ഹെലനും ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം അഭിനന്ദനങ്ങൾ കിട്ടി. ആ എക്സൈറ്റ്‌മെന്റിലാണ് കപ്പേളയിൽ അഭിനയിച്ചത്. മുസ്തഫിക്ക വീട്ടിൽ വന്ന് കപ്പേളയുടെ കഥ പറഞ്ഞപ്പോൾ സംഗതി പുതുമയുള്ളതാണെന്ന് തോന്നി. അങ്ങനെയാണ് കപ്പേളയിലെ ജെസ്സിയായത്. എല്ലാം ദൈവാനുഗ്രഹം…’

Related posts

Leave a Comment