മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടി, ഒഴിപ്പിക്കൽ തുടങ്ങി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. ജലനിരപ്പ് 138 അടിയിലെത്തിയാൽ അണക്കെട്ട് തുറന്നുവിടുമെന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ നാളെ രാവിലെ ഏഴിന് അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വള്ളക്കടവ് മുതൽ പെരിയാർ തീരത്ത് അപായസൂചകമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിൽ സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടി തുടങ്ങി. രണ്ടായിരത്തോളം പേരേയാണ് ഒഴിപ്പിക്കുന്നത്.
നിലവിൽ 3800 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് ഒഴുക്കിക്കൊണ്ടു പോകുന്നുണ്ട്. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് ക്രമമായി ഉയരുകയാണ്. ഇന്നലെ തുലാവർഷം കൂടി എത്തിയതോടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയും തുടരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ട് തുറന്നു വിടുക മാത്രമാണ് പോംവഴിയെന്നു തമിഴ്നാടും സമ്മതിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഴ ശക്തമായാൽ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന് നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്‌നാടിന് ആവശ്യത്തിന് ജലം നൽകാൻ കേരളം തയാറാണ്. സുപ്രീം കോടതിയിൽ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെസാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചു കൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്. 138 അടിയെന്ന തമിഴ്‌നാടിന്റെ റൂൾ കർവ് കേരളത്തിന് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതിയെ അറിയിക്കും. ഒക്ടോബർ 30 വരെ നിലവിലെ റൂൾ കർവ് പ്രകാരം ജലനിരപ്പ് 138 അടിയിൽ എത്തുമ്പോൾ അണക്കെട്ട് തുറന്നു വെള്ളം പുറത്തു വിടാം എന്നാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തിൽ അനാവശ്യ ഭീതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരി്പ്പിക്കുന്നതിനെതിരേ ആണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അണക്കെട്ടിൽ ആശങ്കയില്ലെന്ന തരത്തിൽ ഇതു വളച്ചൊടിക്കാനാണ് സുപ്രീം കോടതിയിൽ തമിഴ്‌നാടിന്റെ അഭിഭാഷകൻ ശ്രമിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ജലനിരപ്പ് 138 അടിയിലെത്തി മുല്ലപ്പെരിയാറിൽ നിന്ന് ജലം പുറത്തു വിടുന്ന സാഹചര്യത്തിൽ വെള്ളം ഉൾക്കൊള്ളാൻ  പാകത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

തുലാവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാൻ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോൺ നമ്പർ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാൽ ഇവരെ നേരിൽ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാൻ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ ശ്കതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.

Related posts

Leave a Comment