മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു: ഡീൻ കുര്യാക്കോസ്

ഇടുക്കി: ഒരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ തീരാദുരിതത്തിലാക്കുന്നു എന്ന് ഡീൻ കുര്യാക്കോസ് എംപി. ഇതിനെതിരേ തമിഴ്നാട് സർക്കാരിനെ പ്രതിഷേധം അറിയിക്കും. ഇന്നു രാവിലെയും ഷട്ടറുകൾ തുറന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വലിയ നാശനഷ്ടങ്ങളാണുണ്ടായതെന്നും എംപി ഡൽഹിയിൽ നിന്ന് അറിയിച്ചു. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തു തവണയാണ് ഡാം തുറന്നുവിട്ടത്. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിനു മുൻപ് ഇടുക്കി ജില്ലാ കലക്റ്ററെ വിവരം അറിയിക്കണമെന്നാണു ചട്ടം. എന്നാൽ തമിഴ്നാട് ഉദ്യോ​ഗസ്ഥർ അതിനു തയാറാകുന്നില്ലെന്നും ഡീൻ പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്. നിലവിൽ ഒമ്പത് സ്പിൽവേ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ കൂടി ഉയർത്തിയിട്ടുണ്ട്. ഇതോടെ പെരിയാറിൽ ജലനിരപ്പ് നാല് അടിയിലേറെ ഉയർന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. ആലുവ ഭാ​ഗത്തും വെള്ളപ്പൊക്കഭീഷണിയുണ്ട്.
ഇന്ന് പുലർച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങൾ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

Related posts

Leave a Comment