മുല്ലപ്പെരിയാർ മരംമുറി; കള്ളങ്ങളെല്ലാം പൊളിഞ്ഞു ;നടപടികൾ ആരംഭിച്ചത് മാസങ്ങൾക്ക് മുമ്പേ

സുപ്രീംകോടതിയെയും സർക്കാർ അറിയിച്ചു

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് അനൂകൂലമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ സർക്കാരിന്റെ കള്ളങ്ങൾ വീണ്ടും പൊളിഞ്ഞു. തമിഴ്നാടിന്റെ ആവശ്യപ്രകാരം ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് വേണ്ടി മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ മാസങ്ങൾക്ക് മുന്നേ ആരംഭിച്ചുവെന്ന തെളിവുകൾക്ക് പിന്നാലെ ഇക്കാര്യം സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചുവെന്നതിന്റെ രേഖകൾ കൂടി പുറത്തുവന്നതോടെ കേരളത്തിലെ ജനങ്ങളെ ഒറ്റിക്കൊടുത്ത പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമാനിച്ചുവെന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ 27ന് സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിൽ ഇക്കാര്യം വ്യക്തവുമാണ്. ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചെന്ന് കോടതി രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്‌നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.
അതേസമയം, മരംമുറി നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന്റെ മറ്റൊരു തെളിവും ഇതിനിടെ പുറത്തുവന്നു. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ ഇ-ഫയല്‍ രേഖകളില്‍ വ്യക്തമാകുന്നത്. അതോടെ നവംബർ ഒന്നിന് യോഗം ചേർന്നില്ലെന്ന റോഷി അഗസ്റ്റിന്റെ രണ്ടാമത്തെ പച്ചക്കള്ളവും ആവിയായി. നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്‍കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. എന്നാല്‍ ജലവിഭവ വകുപ്പില്‍ നിന്ന് മരംമുറിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നാണ് രേഖകള്‍. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരിക്കുന്നു. വനംവകുപ്പില്‍ നിന്നാണ് ഫയല്‍ എത്തുന്നത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.  ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയല്‍ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതുനുശേഷം ടികെ ജോസിന്റെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. സെപ്റ്റംബര്‍ 15ന് ടികെ ജോസും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തിലും യോഗം ചേര്‍ന്നു. ഒക്ടോബര്‍ 17ന് അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് വനംമന്ത്രിക്ക് നല്‍കിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു. എന്നാൽ ടി.കെ ജോസിനെ സംരക്ഷിച്ച് ബെന്നിച്ചൻ തോമസിനെതിരെ മാത്രമാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നതും വിവാദമായിട്ടുണ്ട്.
ഇന്നലെ വനംവകുപ്പ് മേധാവി പി.കെ.കേശവൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ബെന്നിച്ചൻ തോമസിനെതിരെ സ്വീകരിച്ച ഏകപക്ഷീയ നടപടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. ബെന്നിച്ചൻ തോമസിനെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥാനത്തുനിന്നു സസ്പെൻഡു ചെയ്ത നടപടി പിൻവലിക്കണമെന്നു കേശവൻ ആവശ്യപ്പെട്ടു. മരം മുറി സംബന്ധിച്ച് വനം വകുപ്പ് മാത്രമായി തീരുമാനം എടുത്തിട്ടില്ലെന്നു കേശവൻ മുഖ്യമന്ത്രിയെ അറിയിച്ചു.

Related posts

Leave a Comment