മുല്ലപ്പെരിയാർ മരം മുറി; ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസിൽ

*എ.കെ ശശീന്ദ്രനെയും റോഷി അഗസ്റ്റിനെയും കരുക്കളാക്കി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജനങ്ങളിൽ ആശങ്ക നിലനിൽക്കുമ്പോഴും സുപ്രീംകോടതിയിലുള്ള കേസിൽ തമിഴ്നാടിന് അനുകൂല വിധിയുണ്ടാക്കാനായി ഒത്തുകളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക, തമിഴ്നാടിന് ജലം നൽകുമ്പോഴും സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെ കേരളം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ദുർബലപ്പെടുത്തുന്ന നിരവധി ഇടപെടലുകളാണ് കഴിഞ്ഞ ആറുമാസത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത്. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ ചേംബറിൽ യോഗം ചേർന്നതും പിന്നീട് പി.സി.സി.എഫ് ബെന്നിച്ചൻ തോമസ് മരം മുറിക്ക് അനുമതി നൽകി ഉത്തരവ് ഇറക്കിയതുമെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള സങ്കീർണവും വൈകാരികവും ഭരണപരവുമായ കാര്യങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയും കരുക്കളാക്കിയായിരുന്നു നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്തർ സംസ്ഥാന യോഗങ്ങളും കത്തിടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയെങ്കിലും വനം, ജലവിഭവ മന്ത്രിമാരെ നിർണായക തീരുമാനങ്ങൾ അറിയിച്ചില്ലെന്നാണ് വിവരം.
അതേസമയം, ബേബി ഡാമിലെ മരം മുറി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ബോധപൂർവം മൗനംപാലിച്ച മുഖ്യമന്ത്രി, തന്റെ ഓഫീസിൽ നിന്ന് എഴുതിക്കൊടുത്ത മറുപടി വനംമന്ത്രി എ.കെ ശശീന്ദ്രനെ കൊണ്ട് വായിപ്പിക്കുകയായിരുന്നു. ആ മറുപടിയിലാകട്ടെ, ആറുമാസത്തിനിടെ നടന്ന ഗൂഢാലോചനയും ഇടപെടലുകളും മറച്ചുവെയ്ക്കുകയും ചെയ്തു. മരം മുറിയുമായി ബന്ധപ്പെട്ട് ഉത്തരവ് വന്നതിന് പിന്നിൽ ഉദ്യോഗസ്ഥരാണെന്നും സർക്കാരിന് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നുമായിരുന്നു ശശീന്ദ്രൻ സഭയിൽ വ്യക്തമാക്കിയത്. അതേസമയം, ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ മിനിട്സ് സഭയിൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസമാണ് തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉദ്യോഗസ്ഥർ ബേബി ഡാം സന്ദർശിച്ച് മുറിക്കേണ്ട മരങ്ങളുടെ പരിശോധന നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നത്. ഇതോടെ വെട്ടിലായ വനംമന്ത്രി എ.കെ ശശീന്ദ്രൻ, തന്റെ മുൻ പ്രസ്താവന തിരുത്താൻ ഇന്നലെ സ്പീക്കറുടെ അനുമതി തേടുകയും ഔദ്യോഗികമായി സഭയിൽ മാറ്റിപ്പറയുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചനയെക്കുറിച്ച് വിവരം ലഭിക്കാതിരുന്ന മന്ത്രി റോഷി അഗസ്റ്റിനാകട്ടെ, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടന്നിട്ടില്ലെന്ന് പരസ്യമായി പ്രതികരിച്ച് സർക്കാരിനെ കൂടുതൽ കുരുക്കിലാക്കുകയും ചെയ്തു. മരം മുറിക്കുന്നതിന് വേണ്ടി അനൗദ്യോഗികമായി പോലും ഒരു യോഗം ചേർന്നിട്ടില്ലെന്നായിരുന്നു റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ രേഖയോ മിനിറ്റ്സോ ഇല്ല. യോഗം ചേര്‍ന്നിട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് തന്നോട് പറഞ്ഞത്. സംയുക്ത പരിശോധനയ്ക്ക് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ, യോഗം ചേർന്നെടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് മരംമുറിക്ക് അനുമതി നൽകുന്നതെന്ന് വ്യക്തമാക്കി പി.സി.സി.എഫ് ബെന്നിച്ചൻ തോമസ് അഞ്ചാം തീയതി ഇറക്കിയ ഉത്തരവ്  തെളിവായി പുറത്തുവന്നതോടെ റോഷിയുടെ നുണവാദവും പൊളിഞ്ഞു. മാത്രമല്ല, ഇന്നലെ വി.ഡി സതീശന്റെ സബ്മിഷന് ജലവിഭവ മന്ത്രിക്ക് വേണ്ട മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും പരിശോധന നടന്നുവെന്ന്  സമ്മതിച്ചു. സംയുക്ത പരിശോധനക്ക് പിന്നാലെ ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് വിളിച്ച യോഗത്തിൽ തമിഴ്നാടിന്റെ മരംമുറി അപേക്ഷയിൽ വേഗത്തിൽ നടപടി പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടതെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഉത്തരവിറക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് സർക്കാർ ഇപ്പോഴും ന്യായീകരണം നിരത്തുന്നുണ്ടെങ്കിലും നടപടികൾ വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ഉത്തരവ് ഇറങ്ങിയതെന്ന് വ്യക്തമാണ്. ഇതോടെ, മുല്ലപ്പെരിയാർ വിഷയത്തിൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും സങ്കീർണമാവുകയാണ്.

Related posts

Leave a Comment