മരംമുറി അനുമതി സർക്കാർ അറിഞ്ഞു തന്നെ; സുപ്രധാന രേഖയായ യോഗത്തിന്റെ മിനിറ്റ്സ് പുറത്ത്

തിരുവനന്തപുരം: കേരള–തമിഴ്നാട് ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത ശേഷമാണ് മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്‌. സെപ്റ്റംബർ 17ന് നടന്ന വിഡിയോ കോൺഫറൻസിൽ മരം മുറിക്കാൻ അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിരുന്നു. വിഡിയോ കോൺഫറൻസിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥർ പങ്കെടുത്തു. ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും കേരളത്തിന്റെ നിലപാടുകൾ വിശദീകരിച്ചു. ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ അനുവദിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലാണെന്നാണ് രാജേഷ് കുമാർ സിൻഹ വിശദീകരിച്ചത്. നവംബര്‍ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറിൽനടന്ന ചർച്ചയ്ക്കുശേഷം നവംബർ രണ്ടിനു ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മിനിറ്റ്സ് കൈമാറി. മരംമുറി അനുമതി വിവാദമായപ്പോൾ, ഒന്നാം തീയതി യോഗം ചേർന്നില്ലെന്നാണ് ടി.കെ.ജോസ് ജലവിഭവമന്ത്രിയെ അറിയിച്ചത്. എന്നാൽ‌, സെപ്റ്റംബർ 17ന് നടന്ന യോഗത്തിന്റെ വിശദമായ മിനിറ്റ്സിന്റെ കാര്യം സർക്കാരിൽനിന്ന് മറച്ചുവയ്ക്കുകയോ സർക്കാർ മറച്ചുവയ്ക്കുകയോ ചെയ്തു. ഇതിനുശേഷമാണ് കുറ്റമെല്ലാം ബെന്നിച്ചനിൽ ചുമത്തി സസ്പെൻഡ് ചെയ്തത്. ബെന്നിച്ചൻ സർക്കാരിനു നൽകിയ വിശദീകരണക്കുറുപ്പിൽ നവംബർ ഒന്നിനു ടി.കെ.ജോസിന്റെ ചേംബറിൽ ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ച നടന്നതായും വിശദീകരിച്ചു. ഇന്നലെ ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

Related posts

Leave a Comment