മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിമാര്‍ നല്‍കുന്നത് വ്യത്യസ്ത മറുപടി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയില്ലെന്ന് വനം മന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് ജിലവിഭവ വകുപ്പ് മന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ അറിയാതെ ഏതോ ഒരു ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍ ഉത്തരവ് ഇറക്കിയെന്ന മട്ടില്‍ സംസാരിച്ച വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ പൊതു നിലപാടിന് വിരുദ്ധമാണ് മരം മുറി ഉത്തരവ്. ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മരംമുറിയുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിലും മന്ത്രിമാര്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിലും പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സഭയില്‍ ഒന്ന് പറയുകയും എകെജി സെന്ററിന് മുന്നില്‍ മാറ്റിപ്പറയുകയും ചെയ്ത വനം മന്ത്രി നിയമസഭയെയും ജനങ്ങളെയും പരിഹസിക്കുകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരം ജൂണ്‍ 11നാണ് കേരള, തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന തീരുമാനിച്ചത്. അതിന് പിന്നാലെ മരംമുറിക്കാന്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കുന്നു. എന്നിട്ട് മന്ത്രിമാര്‍ പറയുന്നു, ഒന്നും അറിഞ്ഞില്ലെന്ന്. ഏതോ ഒരു ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍ ഉത്തരവ് ഇറക്കി എന്ന മട്ടില്‍ ആണ് വനം മന്ത്രി പറയുന്നത്. ഈ നിലപാട് സുപ്രീം കോടതിയില്‍ പുതിയ ഡാം വേണമെന്ന സര്‍ക്കാര്‍ വാദം പൊളിക്കും. സുപ്രീം കോടതിയിലെ കേരളത്തിന്റെ കേസ് ആവിയായി. ഇനി എങ്ങനെ പുതിയ ഡാം ആവശ്യപ്പെടും?

രണ്ടു മന്ത്രിമാര്‍ വ്യത്യസ്ത മറുപടിയാണ് നല്‍കിയത്. എന്നാല്‍ ഉത്തരവ് ഇതുവരെ റദ്ദാക്കിയില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു ഉത്തരവിറങ്ങില്ല. ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപ്പെരിയാറിലെ ജനനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ നിലപാടിന് സഹായകമായ സമീപനമാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭ ഏകകണ്ഠമായാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന തീരുമാനമെടുത്തത്. ഇതിനു വിരുദ്ധമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment