മുല്ലപെരിയാർ മരംമുറി വിവാദത്തിൽ നിന്ന് കരകയറാനാവാതെ സർക്കാർ

ഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറി ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻ്റ് ചെയ്തെങ്കിലും വിവാദത്തിൽ നിന്ന് കരകയറാനാവാതെ സർക്കാർ. മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുവാദം നൽകാൻ പോകുന്നുവെന്ന വിവരം ജലവിഭവ-വനം സെക്രട്ടറിമാർക്ക് അറിയാമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതോടെ സർക്കാർ വീണ്ടും പരുങ്ങലിലായി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുമെന്ന് പറയുമ്പോഴും മരം മുറിക്ക് അനുകൂലമായി സുപ്രീംകോടതിയിൽ നൽകിയ നോട്ട്, ചീഫ് സെക്രട്ടറി അറിയാതെ സാധ്യമല്ലെന്ന വിലയിരുത്തലും ശക്തമാണ്. സെപ്തംബർ 17ന് ചേർന്ന് ഇരു സംസ്ഥാനങ്ങളുടേയും സെക്രട്ടറി തല യോഗത്തിൻ്റെ മിനിട്ട്സ്, ഒക്ടോബർ 27 ന് കേരളം സുപ്രീംകോടതിയിൽ നൽകിയ നോട്ട് എന്നിവ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞാണ് മരംമുറി അനുമതിയെന്ന് വ്യക്തമാക്കുന്നു. സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നോട്ട് സാധാരണ നിലയിൽ ചീഫ് സെക്രട്ടറി കണ്ട് വേണം എ.ജി ഓഫീസിലേക്ക് അയക്കാൻ. ഇ-ഫയൽ രേഖകൾ പ്രകാരം നടപടി ക്രമം പാലിച്ച് തന്നെയാണ് നോട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തിയില്ലേയെന്ന ചോദ്യം ഉയരുന്നു. അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വാഭാവികമായും സെപ്തംബർ 17ലെ സെക്രട്ടറിതല മീറ്റിങ്ങിലെ ധാരണങ്ങളും മിനിട്ട്സും ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറണം. അവർ കൂടി പരിശോധിച്ച ശേഷം വേണം മിനിട്ട്സ് തമിഴ്നാടിന് നൽകേണ്ടത്.സാധാരണ നിലയിൽ ജല വിഭവ വകുപ്പ് മന്ത്രി വഴിയാണ് ഇത് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടത്. സെപ്തംബർ 17 ന് ചേർന്ന യോഗത്തെ കുറിച്ചും തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അപ്പോൾ മന്ത്രിയറിയാതെയാണോ മരം മുറിക്കുന്ന കാര്യം വിശദമായി ചർച്ച ചെയ്തത് എന്ന ചോദ്യവും ഉയരും.

Related posts

Leave a Comment