മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിൻറെ സസ്പെൻഷൻ പിൻവലിച്ചു; അതിവേഗമുള്ള തിരിച്ചെടുക്കൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻറെ സസ്പെൻഷൻ പിൻവലിച്ചു. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിന് നവംബർ 11 നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ് മന്ത്രിസഭായോഗം ചേർന്ന് വിവാദ മരംമുറി ഉത്തരവ് റദ്ദാക്കിയത്. വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴിചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.

സസ്പെൻഡ് ചെയ്തതിൽ കേരളത്തോട് കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. ഉദ്യോഗസ്ഥൻറെ സസ്പെൻഷൻ മാധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാർ പോലെ ഗുരുതരമായ ഒരു വിഷയം കത്തിനിൽ‍ക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ മാത്രം എങ്ങനെ ഇത്തരത്തിലൊരു തീരുമാനം എടുത്തു എന്നതടക്കം നിരവധി ദുരൂഹതകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്നത്. മുഖം രക്ഷിക്കാനാണ് സർക്കാർ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തത് എന്ന വാദത്തെ സാധൂകരിക്കുന്നതാണ് അതിവേഗമുള്ള തിരിച്ചെടുക്കൽ.

Related posts

Leave a Comment