മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിനു ദോഷം ചെയ്തെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ഒരാശങ്കയും ആവശ്യമില്ല എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ വാദമായി അവര്‍ ഉയര്‍ത്തിക്കാണിച്ചതെന്ന് രമേശ്‌ ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ഏറ്റവും ഗുരുതരമായ അലംഭാവമാണ് മുല്ലപ്പെരിയാര്‍ കാര്യത്തിലുണ്ടായിരിക്കുന്നത്. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന് നയപരമായ വ്യക്തതയില്ല എന്നത് വളരെ വ്യക്തമായൊരു കാര്യമാണ്. ആദ്യ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് തമിഴ്‌നാട് ഇന്നുപയോഗിക്കുന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ഡാമിന്റെ ജലനിരപ്പ് 139.50 ആയി നിലനിര്‍ത്തണമെന്നുള്ള തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ്. തമിഴ്‌നാടിന്റെയും മേല്‍നോട്ട സമിതിയുടെയും ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്. കേരളം നാളിതുവരെ സ്വീകരിച്ചുവന്നിരുന്ന ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക ലഘൂകരിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം സ്വീകരിച്ചുപോന്നിരുന്ന സുദൃഢമായ നിലപാടുകള്‍ക്കാണ് അയവുവരുത്തിയത് .സുപ്രീംകോടതി ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായി മാറിയെന്നുള്ളത് കേരളത്തെ സംബന്ധിച്ചിടത്തോളം ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.നിയമ വകുപ്പുമന്ത്രി പറഞ്ഞു രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോര്. അങ്ങനെയൊന്നും ഇവിടെ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ കേരളത്തിന്റെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള ബാദ്ധ്യത കേരളത്തിലെ ഗവണ്‍മെന്റിനുണ്ട്. തമിഴ്‌നാടുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കണമെന്ന് ഞങ്ങളാരും പറഞ്ഞില്ല. പക്ഷേ കേരളത്തിലെ ആറ് ജില്ലയിലെ ജനങ്ങള്‍ ഇന്ന് ആശങ്കാകുലരാണ്. അല്ലായെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ തമിഴ്‌നാടിന് ഉപയോഗിക്കത്തക്ക നിലയിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിച്ചത് ഗുരുതരമായ തെറ്റാണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

ഇവിടെ സര്‍. സി. പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ കേരളം സ്വീകരിച്ചുവന്ന നിലപാടിന് കടകവിരുദ്ധമായിട്ടാണ് കേരളത്തിലെ മുഖ്യമന്ത്രി ആ പ്രസ്താവന നടത്തിയത്. അതാണ് ഇന്ന് തമിഴ്‌നാടിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധിവരാനുള്ള പ്രധാനപ്പെട്ട കാരണം. 2018ലെ മഹാപ്രളയവും തുടര്‍വര്‍ഷങ്ങളിലെ തീവ്രമായ മഴയും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിനെ ജലനിരപ്പ് കുറച്ച് ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ലഭിച്ച അവസരങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടില്ലായെന്നുള്ളത് വളരെ വ്യക്തമാണ്.

തുടര്‍ച്ചയായി കേരളത്തിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ 136 വര്‍ഷം പഴക്കമുള്ള സുര്‍ക്കി നിര്‍മ്മിതമായ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയും ബോദ്ധ്യപ്പെടുത്തി പരിഹാരമാര്‍ഗ്ഗം തേടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തുടര്‍ച്ചയായുണ്ടാകുന്ന പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഐ.ഐ.ടി. നടത്തിയ പഠനം,ഭൂകമ്പ സാദ്ധ്യതയെപ്പറ്റി റൂര്‍ക്കി ഐ.ഐ.ടി. നടത്തിയ പഠനം എന്നിവ ഇതിന്റെയെല്ലാം പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.

ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് കേരളം നടത്തിയ പഠനറിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ കേരളസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. നിയമ വകുപ്പുമന്ത്രി ഒരു കാര്യം വ്യക്തമാക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വെള്ളം സംഭരിക്കാന്‍ പര്യാപ്തമായ നിലയില്‍ ഡാം എല്ലാതരത്തിലും സുരക്ഷിതമാണെന്ന് മേല്‍നോട്ടസമിതിയില്‍ കേരളം സമ്മതിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇന്നലെ പത്രങ്ങളില്‍ പുറത്തുവന്നത്. അതിന് നിയമ വകുപ്പുമന്ത്രി മറുപടി പറയണം. സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയല്ലേ ഇത്. മേല്‍നോട്ട സമിതിയില്‍ അങ്ങനെ കേരളം സമ്മതിച്ചിരുന്നോ? സമ്മതിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാല്‍ ഡാമുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലപാടാണ് നമ്മളെടുത്തിട്ടുള്ളത്. നിങ്ങള്‍ മനുഷ്യച്ചങ്ങല പിടിച്ച ആളുകളാണ്. നിങ്ങള്‍ ഇപ്പോള്‍ ആ നിലപാടില്‍നിന്ന് പുറത്തുപോകുകയാണ്. പുതിയ ഡാം വേണമെന്നുള്ള വാദത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഈ കാര്യത്തിലുണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. വാദമുഖങ്ങള്‍ നിരത്തിക്കൊണ്ട് അതിനെ സംരക്ഷിക്കാമെന്ന് കരുതേണ്ട, വസ്തുതകള്‍ ജനങ്ങളുടെ മുമ്പിലുണ്ട്. ഇന്ന് പാവപ്പെട്ട ആളുകളെ അവിടെനിന്നും മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍കൂട്ടി കാര്യങ്ങളെക്കണ്ട് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുമായി മേല്‍നോട്ട സമിതിയില്‍ നിലപാടുകള്‍ സ്വീകരിക്കാത്തതിന്റെ പരിണതഫലമാണ് ഇവിടെ ഉണ്ടായിരിക്കുന്നത് . മുല്ലപ്പെരിയാറില്‍ ഒരുപ്രശ്‌നവുമില്ല എന്ന മുഖ്യമന്ത്രി പറഞ്ഞതാണ് സുപ്രീംകോടതി ഉന്നയിച്ചത്. അതാണ് ഇവിടത്തെ പ്രശ്‌നം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment