മുല്ലപ്പെരിയാറിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി ; ഡാമിന് അപകട സാധ്യത ഉണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്നും പ്രതിപക്ഷം ആശങ്ക പരത്തരുതെന്നുമുള്ള നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ടി.പി രാമകൃഷ്ണൻ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുമ്പോഴാണ് ഡാമിന്റെ അപകട സാധ്യത വിശദീകരിച്ച് മുൻ നിലപാടിന് വിരുദ്ധമായി
മുഖ്യമന്ത്രി രംഗത്തുവന്നത്. നേരത്തെ, മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ഉയരുന്നതിലെ ആശങ്ക പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ഡാം സുരക്ഷിതമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന. ഡാമിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ മിണ്ടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്നാട് അവർക്ക് അനുകൂലമായി ഉപയോഗിക്കുകയും അതിനെ പ്രതിപക്ഷം സഭയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മലക്കം മറിഞ്ഞ് സഭയിൽ മറുപടി നൽകിയത്.
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം പണികഴിപ്പിക്കണമെന്നാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ‌മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയങ്ങൾക്ക് അനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. സുപ്രീം കോടതിയിൽ കേരളം ഫയൽ ചെയ്ത നോട്ടുകളിൽ തമിഴ്നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ‍ഡാമിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി ഉയർന്നാലുള്ള അപകട സാധ്യതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 136ന് മുകളിൽ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിനു നൽകുന്ന മർദം ക്രമാനുഗതമായ ഒന്നല്ല എന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി മുൻപാകെ തമിഴ്നാട് സർക്കാർ സമർപ്പിച്ച റൂൾ കർവിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനങ്ങൾ സമയാ സമയം അവലോകനം ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment