‘മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതി’: മേൽനോട്ട സമിതി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.60 അടിയായി ഉയർന്നു. 142 അടി പരമാവധി സംഭരണ ശേഷി നിശ്ചയിച്ചിട്ടുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നൽകേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്.അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി നിർദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം.

നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിർദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം. ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനമായ ബഞ്ച് മേൽനോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട് പ്രതിനിധകളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മേൽനോട്ട സമിതി തീരുമാനം കൈകൊണ്ടത്. ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും, കേന്ദ്ര ജലകമ്മിഷൻ അംഗവുമായ ഗുൽഷൻ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങൾ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും.

Related posts

Leave a Comment