മുല്ലപ്പെരിയാറിലെ മരം മുറി; എല്ലാം സർക്കാർ അറിഞ്ഞു തന്നെ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന നിലപാട് അട്ടിമറിച്ച് ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാടിനൊപ്പം കേരളവും രഹസ്യ നീക്കം നടത്തിയതിന്റെ തെളിവുകൾ പുറത്ത്. തമിഴ്നാടിന്റെ ആവശ്യ പ്രകാരം ബേബി ഡാമിന് പരിസരത്തുള്ള മരം മുറിക്കുന്നതിന് ഉത്തരവ് ഇറക്കിയതിനെക്കുറിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും വാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധി കൂടിയായ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ മുൻനിർത്തിയായിരുന്നു കേരളത്തിന്റെ കള്ളക്കളി. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ തമിഴ്നാടിന് അനുകൂലമായ തെളിവുകളുണ്ടാക്കാൻ മാസങ്ങളായി നടത്തിയ നീക്കങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നുവെന്നാണ് സൂചന. മരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി കേരളത്തിന്റെയും തമിഴ്നാടിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, നിയമസഭയിൽ നൽകിയ മറുപടിയിൽ പോലും സർക്കാർ ഒന്നുമറിഞ്ഞില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത് വന്നപ്പോഴാണ് മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും അപ്പോൾ തന്നെ അടിയന്തരമായി ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചുവെന്നുമാണ് വനം മന്ത്രി ശശീന്ദ്രൻ കഴിഞ്ഞദിവസം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ, മുല്ലപെരിയാർ മേൽനോട്ട സമിതിയുടെ 14–ാം യോഗത്തോടനുബന്ധിച്ച് ജൂൺ 11ന് തമിഴ്നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ബേബി ഡാമിൽ പരിശോധന നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നതോടെ സർക്കാർ കുരുക്കിലായി. മൂന്നു നാലു ദിവസത്തിനുള്ളിലാണ് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഉത്തരവ് ഇറക്കിയതെന്ന മന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്.

പരിശോധനാ വേളയിൽ തന്നെ 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. മുറിക്കേണ്ട 15 മരങ്ങളെ സംബന്ധിച്ച് പെരിയാർ ടെഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാൻ മേൽനോട്ട സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകാനും നിർദേശിച്ചു. ഈ നിർദേശം കൊടുത്തകാര്യം മേൽനോട്ട സമിതി എക്സ് ഓഫിഷ്യോ ചെയർമാനും കേന്ദ്ര ജലകമ്മിഷനിലെ ചീഫ് എൻജിനീയറുമായ ഗുൽഷൻ രാജ് സെപ്റ്റംബർ മൂന്നാം തീയതി ജലവിഭവ അഡീ.ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അറിയിച്ചു.

തമിഴ്നാട് ജലവിഭവവകുപ്പിലെ കമ്പം എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, ഈ മാസം ഒന്നാം തീയതി ടി.കെ ജോസിന്റെ ചേംബറിൽ ചേർന്ന യോഗമാണ് മുല്ലപെരിയാർ ബേബി ഡാമിനോട് ചേർന്ന 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തത്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ഒക്ടോബർ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ടി.കെ ജോസ് അടക്കമുള്ള ഉദ്യോഗസ്ഥർ അറിഞ്ഞാണ് നടപടികൾ പൂർത്തിയാക്കിയതെന്നു ഇതോടെ വ്യക്തമായി. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന്ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ടി.കെ ജോസിനെ ഒഴിവാക്കി പകരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടിയെടുത്ത് തടിതപ്പാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിനിടെ, തമിഴ്നാടിന്റെ ആവശ്യപ്രകാരം ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കത്തിലുണ്ട്.

Related posts

Leave a Comment