മുല്ലപ്പെരിയാര്‍ : ഇടുക്കിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് ; സര്‍ക്കാരിന് താക്കീതായി മനുഷ്യച്ചങ്ങല

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യമുയര്‍ത്തി നടത്തിയ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഇടുക്കി വണ്ടിപ്പെരിയാറില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങല സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരായ ശക്തമായ താക്കീതായി.

മുല്ലപ്പെരിയാര്‍ പുതിയ ഡാം ഉണ്ടാകുന്നത് വരെ കോണ്‍ഗ്രസ് സമരം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിവാദങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം ആണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ, അതോടൊപ്പം തമിഴ്‌നാടിന് വെള്ളവും എന്ന ആശയവുമായി വണ്ടിപ്പെരിയാര്‍ മുതല്‍ വാളാടി വരെയുള്ള മനുഷ്യചങ്ങലയില്‍ പങ്കാളിയായ ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ അന്‍പത് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടരുതെന്നും. അതിന്റെ ഗൗരവം കണക്കിലെടുത്തു സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു. മുല്ലപ്പെരിയാറ്റിലെ മരം മുറി ഉത്തരവുകള്‍ മന്ത്രിമാര്‍ അറിഞ്ഞില്ലന്ന വാദം തികഞ്ഞ പുഛത്തോടെ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ റയില്‍ പോലെ ആവശ്യം ഇല്ലാത്ത പദ്ധതിക്ക് പണം മുടക്കുന്ന സര്‍ക്കാര്‍ പുതിയ ഡാമിനുവേണ്ടി പണം നീക്കി വെക്കാന്‍ തയാറാകണം. ഡാം പണിയാന്‍ പണം അനുവദിക്കാന്‍ തടസം എന്തെന്ന് സിപിഎം നേതാക്കള്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം തടയാനും ഇന്ധന വില കുറക്കാനും തയാറാകാത്ത സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് സിപി മാത്യു അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍. ഇഎം ആഗസ്തി.റോയി കെ പൗലോസ്, എകെ മണി, ജോയി തോമസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ജോണ്‍ പെരുവന്താനം, എം ജെ ജേക്കബ്, ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, എം എം വര്‍ഗ്ഗീസ്, ടോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രവര്‍ത്തകര്‍ ചങ്ങലയില്‍ കണ്ണികളായപ്പോള്‍ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു കൊണ്ട് കെ സുധാകരന്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ അറുപത്തിരണ്ടാം മൈല്‍ വരെ സഞ്ചരിച്ചു തിരികെ വന്നു.
അയ്യായിരം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷച്ചെങ്കിലും ഏഴായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കാളികളായി.

Related posts

Leave a Comment