മുല്ലപ്പെരിയാർ; കൂടുതൽ കള്ളക്കളി പുറത്ത്

*മരംമുറിക്ക് അനുമതി നൽകിയത് ചർച്ചയ്ക്ക് ശേഷം
*ഉദ്യോഗസ്ഥനെ ബലിയാടാക്കി ഇടതുസർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാന്‍ അനുമതി നല്‍കിയ സംഭവം സര്‍ക്കാര്‍ അറിവോടെയെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതെന്ന് തെളിയിക്കുന്ന യോഗത്തിന്റെ മിനിട്‌സ് പുറത്തുവന്നു. സര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മിനിട്‌സിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മരംമുറി സംബന്ധിച്ച തീരുമാനം ഉണ്ടായത്. രേഖകള്‍ പ്രകാരം കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നത് സെപ്തംബര്‍ 17നാണ്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ 25 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിലെ മൂന്നാമത്തെ അജന്‍ഡയായിരുന്നു മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ ബലപ്പെടുത്തല്‍.  തമിഴ്‌നാട് ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേനയാണ് തമിഴ്‌നാട് സംഘത്തെ നയിച്ചത്. ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും കേരളത്തിന്റെ നിലപാട് അറിയിച്ചു. ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലാണെന്നാണ് രാജേഷ് കുമാര്‍ സിന്‍ഹ വിശദീകരിച്ചത്. പിന്നീട് ഇക്കാര്യങ്ങള്‍ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്തി നവംബര്‍ രണ്ടിനു ടി.കെ.ജോസ് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് അയച്ചു. നവംബര്‍ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറില്‍നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് തമിഴ്‌നാടിനു മിനിറ്റ്‌സ് കൈമാറിയത്. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.
മരംമുറി അനുമതി വിവാദമായപ്പോള്‍, ഒന്നാം തീയതി യോഗം ചേര്‍ന്നില്ലെന്നാണ് ടി.കെ.ജോസ് ജലവിഭവമന്ത്രിയെ അറിയിച്ചത്. എന്നാല്‍, സെപ്റ്റംബര്‍ 17ന് നടന്ന യോഗത്തിന്റെ വിശദമായ മിനിറ്റ്‌സിന്റെ കാര്യം സര്‍ക്കാരില്‍നിന്ന് മറച്ചുവയ്ക്കുകയോ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയോ ചെയ്തു. ഇതിന് ശേഷമാണ് മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്തത്.
മരം മുറി ഉത്തരവ് വിവാദമായപ്പോള്‍ സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് ബെന്നിച്ചന്‍ നല്‍കിയ വിശദീകരണക്കുറുപ്പില്‍ നടപടിക്രമങ്ങള്‍ വിശദമാക്കുന്നതിനൊപ്പം സെപ്റ്റംബര്‍ 17ലെ യോഗത്തിന്റെ മിനിറ്റ്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടുമായി സെപ്തംബര്‍ 17-ന് നടന്ന യോഗത്തില്‍ മരം മുറിക്കാന്‍ ധാരണയായതായി കത്തില്‍ പറയുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം.

Related posts

Leave a Comment