അലറി വിളിച്ച് മുല്ലപ്പെരിയാർ ജലം ഒഴുകിയെത്തി; തിരിഞ്ഞ് ജീവനും കൊണ്ടോടി തീരദേശവാസികൾ ; മൗനം പാലിച്ച് കേരളം

ഷാജി കുരിശുമ്മൂട്

വണ്ടിപ്പെരിയാർ: ഇന്നും പതിവ് തുടർന്ന് തമിഴ്നാട്, മൗനം പാലിച്ച് കേരളവും. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ മുന്നറിയിപ്പ് പേരിന് വേണ്ടി മാത്രം നൽകി ഒമ്പത് ഷട്ടറുകൾ തുറന്ന് തമിഴ്നാട് പതിവ് ശൈലി കാട്ടി. പതിമൂവായിരംഘനയടി വെള്ളമൊഴുക്കി. ഏകദേശം 8.30 ഓട് കൂടി അലറി വിളിച്ച് ഒഴുകിയെത്തിയ വെളളം തീരദേശവാസികളുടെ വീടുകളിൽ ഇരച്ച് കയറി. ഇത് കണ്ട് ഭീതിയിലായ നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു. കൈ കുഞ്ഞുങ്ങളെയും ഒക്കത്തിലേന്തിയും, കിട്ടിയ സാധനങ്ങളുമായി റോഡിൽ കയറി ആളുകൾ. കിടപ്പു രോഗികളെ ഇട്ടിട്ട് പോകുവാൻ സാധിക്കാത്തതിനാൽ പലരും നിസ്സഹയാരായി നോക്കി നിൽക്കുവാൻ മാത്രമാണ് സാധിച്ചത്. ഇതോടെ വിവരമറിഞ്ഞെത്തിയ ബന്ധുക്കളിൽ ചിലർ തങ്ങളുടെ വാഹനത്തിൽ ഇവരെ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചു. വെള്ളം ഇരചെത്തിയപ്പോൾ നിമിഷങ്ങൾക്കകം വള്ളക്കടവ് ചപ്പാത്ത് പാലം നിറഞ്ഞൊഴുകി. അതിന് ശേഷം തീരദേശവാസികളെ സന്ദർശിക്കുന്നതിനായി എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ കറുപ്പ് പാലത്ത് വച്ച് ആളുകൾ തടഞ്ഞുതിരിച്ചയച്ചു. മന്ത്രി വന്നു ഉറപ്പു നൽകിയതാണ് ഒരു കാരണവശാലും രാത്രിയിൽ ഷട്ടർ തുറക്കില്ലന്ന് . പിറ്റേന്ന് തന്നെ അതിൻ്റെ ലംഘനമുണ്ടായതിനാലാണ് മന്ത്രിയെ തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ആർഡിഒ ,തഹസിൽദാർ പോലീസ് ഉൾപ്പെടെയുള്ളയാളുകളെ തടഞ്ഞ് തിരിച്ചയച്ചു.
ജനങ്ങൾ ഭീതിയിൽ കഴിയുമ്പോൾ മുല്ലപ്പെരിയാറിൽ ഷട്ടറുകൾ ഉയർത്തും,എല്ലാവരും ശ്രെദ്ധിക്കണമെന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ അയക്കുക മാത്രമാണ് ജില്ല ഭരണകൂടം ചെയ്യുന്നത്.വെള്ളം വരുമ്പോൾ എല്ലാവരും ഓടി രക്ഷപെട്ടോ; ഞങ്ങൾ നിസഹായരാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.ഇതു വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Related posts

Leave a Comment