മുല്ലപ്പെരിയാർ മരം മുറി; വനം സെക്രട്ടറി അയച്ച കത്തും പുറത്ത്

*ബെന്നിച്ചൻ തോമസിനെ സർക്കാർ ബലിയാടാക്കിയത് വ്യക്തം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് പരിസരത്തുള്ള മരം മുറിക്ക് അനുമതി നൽകിയത് സർക്കാരിന്റെ പൂർണ അറിവോടെയായിരുന്നുവെന്നതിന്റെ പുതിയ തെളിവുകൾ പുറത്ത്. ബേബി ഡാം ബലപ്പെടുത്താനായി സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ ആവശ്യപ്പെട്ടു ഉത്തരവിറക്കാനായി വനംവകുപ്പ് മേധാവിയ്ക്കും ചീഫ് വൈല്‍ഡ്‌ ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്), പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ ബലിയാടാക്കി വിവാദത്തിൽ നിന്ന് തടിയൂരാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും കനത്ത തിരിച്ചടിയായി. കഴിഞ്ഞ സെപ്തംബര്‍ ഇരുപതിനാണ് രാജേഷ് കുമാർ സിൻഹ കത്ത് അയച്ചത്.
തമിഴ്നാടിനു ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി മുല്ലപ്പെരിയാറിന് സമീപത്തെ മരം വെട്ടാന്‍ ഉത്തരവ് ഇറക്കണം എന്നാവശ്യപ്പെട്ടാണ് വനം പ്രിൻസിപ്പൽ സെക്രട്ടറി സിന്‍ഹ കത്ത് നല്‍കിയിരിക്കുന്നത്. ബേബി ഡാമിന് മുന്നിലുള്ള തടസങ്ങള്‍ മാറ്റാനുള്ള ക്ലിയറന്‍സ് നല്‍കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ഈ കാര്യത്തില്‍ താമസമില്ലാതെ നടപടി സ്വീകരിക്കണം എന്ന കര്‍ശനമായ നിർദ്ദേശമാണ് കത്തിലുള്ളത്.
ആദ്യ കത്ത് അയച്ചത് കഴിഞ്ഞവർഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തൊന്‍പതിനും  ഈ വര്‍ഷം ജൂലൈ പതിമൂന്നിനും ഇതേ കാര്യത്തിനായി കത്തയച്ച കാര്യവും പുറത്തുവന്ന കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഈ കഴിഞ്ഞ അഞ്ചിന് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡന്‍ ബെന്നിച്ചൻ തോമസ് വിവാദ മരംമുറി ഉത്തരവ് ഇറക്കിയത്. മുല്ലപ്പെരിയാര്‍ കാര്യത്തില്‍ സംസ്ഥാനത്തിന്റെ നയപരമായ സമീപനത്തിനു എതിരായ ഉത്തരവ് ഇറക്കിയത് ഉദ്യോഗസ്ഥരുടെ തലയിൽ വച്ചുകെട്ടി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ സർക്കാരും ശ്രമിക്കുമ്പോഴാണ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്ത് വെളിയില്‍ വരുന്നതെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലേ ഈ ആവശ്യം ഉന്നയിച്ച് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ്‌ ലെഫ് വാര്‍ഡനും വനംവകുപ്പ് മേധാവിയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെയാണ് ഈ വർഷം ജൂലൈയില്‍ വേറെ കത്ത് നല്‍കിയത്. അതിനും നടപടി വരാത്തതിനാല്‍ കഴിഞ്ഞ സെപ്തംബര്‍ ഇരുപതിന് വീണ്ടും കത്ത് നല്‍കി.
അതേസമയം, വനം പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിൽ സർക്കാരിന്റെ ഇക്കാര്യത്തിലുള്ള താൽപര്യമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  അതിനാൽ, ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കിയ കാര്യത്തില്‍ ചീഫ് വൈല്‍ഡ്‌ ലൈഫ് വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാരിനു ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ലെന്ന് വ്യക്തമായി. വനംവകുപ്പ്-ജലവിഭവവകുപ്പ് സെക്രട്ടറിമാര്‍ക്ക് വിവാദ ഉത്തരവില്‍ നേരിട്ട് ബന്ധമുണ്ടെന്നു വ്യക്തമായ പശ്ചാത്തലത്തിൽ ഇനി അവർക്കെതിരെ നടപടി ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ചീഫ് വൈല്‍ഡ്‌ ലൈഫ് വാര്‍ഡനെ മാത്രം സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വനംവകുപ്പ് മേധാവി പി.കെ കേശവനും ഐഎഫ്എസുകാരുടെ അസോസിയെഷനും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്പെന്‍ഷന്‍ പിവലിച്ചില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തുടര്‍ നടപടികള്‍ വേണമെന്ന ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.

Related posts

Leave a Comment