താലിബാന്‍ ഭരണത്തെ മുല്ല ബരാദര്‍ നയിക്കും

കാബൂള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ താലിബാന്‍ സ്ഥാപകന്‍ മുല്ല ബരാദര്‍ നയിക്കും. സര്‍ക്കാരിന്‍റെ ഘടന ഇന്നു പ്രഖ്യാപിക്കാനാണു സാധ്യത. ഇറാന്‍ മാതൃകയിലുള്ള ഇസ്ലാമിക ആധ്യാത്മിക സര്‍ക്കാരാണ് രൂപീകരിക്കുകയെന്ന് വക്താവ് അറിയിച്ചു. അതനുസരിച്ച് സര്‍ക്കാരിനും സൈന്യത്തിനും മുകളില്‍ പരമാധികാരമുള്ള ആത്മീയ നേതാവാകും ഭരണത്തിന്‍റെ അവസാന വാക്ക്. താലിബാന്‍ സഹസ്ഥാപകന്‍ ഹിബത്തുല്ല അകുന്‍സാദ ആയിരിക്കും ഈ പദവിയിലെന്നാണു റിപ്പോര്‍ട്ടുകള്‍. ഭീകരവാദിയായിരുന്ന മുല്ല ഒമറിന്‍റെ മകന്‍ മുഹമ്മ‌ദ് യാഖൂബും സര്‍ക്കാരിന്‍റെ ഭാഗമാകും, പുതിയ സര്‍ക്കാര്‍ എന്നു ചുമതലയേല്‍ക്കുമെന്ന് ഇന്നു വൈകുന്നേരത്തോടെ വ്യക്തമാകുമെന്നാണ് അറിയുന്നത്.

അതിനിടെ, അന്താരാഷ്‌ട്ര തലങ്ങളില്‍‌ തങ്ങളുടെ സര്‍ക്കാരിന് പിന്തുണ തേടുന്ന നടപടികളും താലിബാന്‍ തുടങ്ങി. ചൈനയാണ് താലിബാന് പൂര്‍ണ പിന്തുണ നല്‍കിയ ആദ്യ രാജ്യം. പാക്കിസ്ഥാനും പിന്തുണ ഉറപ്പാക്കി. കാബൂളിലെ എംബസി തുറക്കണമെന്നും നയതന്ത്ര- വികസന പദ്ധതികളില്‍ ഇരുരാജ്യങ്ങളും സഹകരിക്കണമെന്നും താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നു എന്ന സൂചനയും താലിബാന്‍ വക്താവ് നല്‍കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതില്‍ ഇടപെടില്ലെന്നുമായിരുന്നു താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ജമ്മു കശ്മീര്‍ വിഷയത്തില്‍ അവശ്യഘട്ടങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് വക്താവ് സുഹൈല്‍ ഷഹീദിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള വിഷയമാണത്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ വിഷയങ്ങളില്‍ തല്‍ക്കാലം ഇടപെടില്ലെന്നും ഷഹീദ് പറഞ്ഞു.

താലിബാന്‍റെ തുടര്‍ന്നുള്ള നടപടികള്‍ക്കനുസരിച്ചായിരിക്കും ഏതു വിധത്തിലുള്ള സഹകരണം വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. അഫ്ഗാന്‍റെ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണകൂടമാണ് ചുമതല ഏല്ക്കേണ്ടതെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ കണ്ടുവരുന്നതിനാണ് തല്‍ക്കാലം ന്യൂഡല്‍ഹസി പ്രാമുഖ്യം നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇവരെ മടക്കിക്കൊണ്ടുവരാന്‍ താലിബാന്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment