സിപിഎമ്മിനു വേണ്ടാത്ത മുകേഷിനെ പിണറായി കെട്ടിയിറക്കി, നാണം കെടുന്നു

സി.പി. രാജശേഖരന്‍

കൊല്ലംഃ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക തലത്തില്‍ ഏറ്റവും വലിയ എതിര്‍പ്പുയര്‍ന്നത് കൊല്ലത്തായിരുന്നു. എന്നാല്‍ കുറ്റ്യാടിയിലെപ്പോലെ അതു പരസ്യമാക്കാന്‍ കൊല്ലത്തെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കഴിഞ്ഞില്ല. അതിനുള്ള ധൈര്യം ഇല്ലാതെ പോയതാണു കാരണം. 2016 ല്‍ പാര്‍ട്ടിയിലെ വിഭാഗീയത വെട്ടിനിരത്താന്‍ പിണറായി വിജയന്‍ കൊല്ലത്തേക്കു കെട്ടിയിറക്കിയതാണ് ചലച്ചിത്ര താരം മുകേഷിനെ. അന്നു ചലച്ചിത്ര താരമെന്ന പരിലവേഷത്തില്‍ വിജയിച്ച് എംഎല്‍എ ആയി. ഒരു തവണത്തേക്കു സഹിച്ചാല്‍ മതിയല്ലോ എന്നായിരുന്നു അന്ന് ജില്ലാ നേതാക്കളുടെ അടക്കം പറച്ചില്‍. കെട്ടിയിറക്കിയതു പിണറായി വിജനായതിനാല്‍ എതിര്‍ക്കാന്‍ ആര്‍ക്കും ത്രാണിയുണ്ടായില്ല. പക്ഷേ, ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം പേര്‍ക്കും മുകേഷിന്‍റെ സ്ഥാനാര്‍ഥിത്വം ദഹിച്ചില്ല. ഒരിക്കല്‍പ്പോലും പാര്‍ട്ടിയുമായി സഹകരിച്ച പാരമ്പര്യം മുകേഷിനില്ല. അദ്ദേഹത്തിന്‍റെ പിതാവ് ഒ മാധവന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നെങ്കിലും സിപിഐ പവക്ഷത്തായിരുന്നു. മുകേഷ് സിപിഐയിലും സിപിഎമ്മിലും അംഗമായിരുന്നില്ല. രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിനു മത്സരിക്കുന്നതിനു മുന്‍പാണ് പാര്‍ട്ടിയില്‍ അംഗത്വം നേടിയത്.

വിഭാഗീയതയുടെ കാലത്ത് വിഎസിന്‍റെ പക്ഷത്തായിരുന്ന പി.കെ. ഗുരൂദാസന്‍റെ തട്ടകമായിരുന്നു കൊല്ലം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഗുരുതദാസനെ ഒഴിവാക്കിയപ്പോള്‍, പകരം കൊണ്ടുവന്ന സ്ഥാനാര്‍ഥിയായിരുന്നു മുകേഷ്. വിഎസ് വിഭാഗം കാലുവാരിയാലും പാര്‍ട്ടിയുടെ സീറ്റ് നഷ്ടമാകരുതെന്ന പിണറായിയുടെ നിര്‍ബന്ധമായിരുന്നു മുകേഷിന്‍റെ സ്ഥാനാര്‍ഥിത്വം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ അന്ന് പിണറായി ആവശ്യപ്പെട്ട നിര്‍ബന്ധ വി‌ജയവും മുകേഷിന്‍റേതായിരുന്നു. അങ്ങനെയാണ് ഡോ. ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി മുകേഷ് ആദ്യം നിയമസഭ കണ്ടത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുകേഷിനെ സ്ഥാനാര്‍ഥിയാക്കരുതെന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണയും പിണറായി വഴങ്ങിയില്ല. മുകേഷാവട്ടെ, പാര്‍ട്ടി അനുഭാവികള്‍ക്കാകെ അനഭിമതനും.ഇടതുപക്ഷത്തു വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായെങ്കിലും ബിജെപിയുമായുള്ള ഒത്തുകളിയാണ് വീണ്ടും മുകേഷിനെ വിജയതിലകം ചൂടിച്ചത്. പക്ഷേ, ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ നല്ല പങ്കും പ്രചാരണ രംഗത്തു പോലും സജീവമായിരുന്നില്ല. പിണറായിയെ പേടിച്ച് കേഡറുകള്‍ സജീവമായെന്നു മാത്രം. എന്നാല്‍, തെരഞ്ഞെടുപ്പ് ജയിച്ചശേഷം മുകേഷ് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ അദ്ദേഹത്തിനു വോട്ട് ചെയ്തവരെയെല്ലാം നിരാശരാക്കി. പലരും ഇപ്പോള്‍ സഹതപിക്കുന്നു.

  • സ്ത്രീകളെ ബഹുമാനിക്കാത്തയാള്‍, കടുത്ത മദ്യപാനി,

കുടംബം നോക്കാത്തവന്‍ഃ സരിത

തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പേ പ്രശസ്ത താരവും മുകേഷിന്‍റെ ആദ്യഭാര്യയുമായ സരിത നടത്തിയ വാര്‍ത്താ സമ്മേളനം കേരളത്തിന്‍റെ കരളയലിക്കുന്നതായിരുന്നു. മുകേഷില്‍ നിന്നു താന്‍ നേരിട്ട ദുരനുഭവങ്ങളായിരുന്നു സരിത വിവരിച്ചത്. ഭര്‍തൃവീട്ടില്‍ വച്ച് തനിക്കേറ്റ മര്‍ദനങ്ങളെക്കാള്‍ വേദനിച്ചത് മാനസികമായിരുന്നു എന്നു സരിത. തന്‍റെ കണ്‍മുന്നിലൂടെ മുകേഷ് പരസ്ത്രീകളെ സ്വന്തം വീടിന്‍റെ കിടപ്പുമുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട് ഭാര്യയെന്ന നിലയില്‍ ഹൃദയം നുറുങ്ങിയിട്ടുണ്ട്. രണ്ടു മക്കളുടെ അമ്മയെന്ന നിലയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. മകന്‍റെ ജന്മദിനത്തിന് സമ്മാനം കൊടുത്തില്ലെങ്കിലും ഫോണ്ല്‍ വിളിച്ച് ആശംസ നേരാന്‍ പോലും മെനക്കെടാത്തയാളാണ് മുകേഷ് എന്നും സരിത ആരോപിച്ചു.

പണത്തിനോട് വലിയ ആര്‍ത്തിയുള്ള ആളാണു മുകേഷ് എന്നു സരിത. തനിക്കു പണം കുറവായതുകൊണ്ടാണ് തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ നിയമപ്രകാരം ബന്ധം വേര്‍പെടുത്തിയിട്ടില്ല. കേസ് എറണാകുളത്തെ കുടുംബ കോടതിയിലാണ്. ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതു നിയമവിരുദ്ധമാണ്. സ്വന്തം കുടുംബം നോക്കാത്തയാളെ, ഭാര്യയെയും മക്കളെയും പൂര്‍ണമായി അവഗണിക്കുന്ന ഒരാളെ ജനങ്ങള്‍ എങ്ങനെ തങ്ങളുടെ പ്രതിനിധിയാക്കും.? അയാള്‍ക്കെങ്ങനെ നാട് നേരേയാക്കാനാകും? സരിതയുടെ ഈ ചോദ്യമായിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത്. പക്ഷേ, നിസാര വോട്ടുകള്‍ക്ക് ദുഃബിന്ദു കൃഷ്ണ പരാജയപ്പെട്ടു. അതില്‍ ദുഃഖിക്കുകയാണിപ്പോള്‍ കൊല്ലം.

  • ദേവികയും പറയുന്നു, മുകേഷ് മദ്യപന്‍, പണക്കൊതിയന്‍

സരിതയുമായുള്ള വാവാഹ ബന്ധം നിയമാനുസൃതം വേര്‍പിരിയുന്നതിനു മുന്‍പ് തന്നെ നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്തു. 2013 ഒക്റ്റോബര്‍ 24 ന്. ഇതു നിയമവിരുദ്ധമാണെന്നാണു ആദ്യഭാര്യ സരിതയുടെ പരാതി. പക്ഷേ, അവര്‍ കുടുബ കോടതിയിലല്ലാതെ വേറൊരിടത്തും പരാതിയ നല്‍കിയിട്ടില്ല. താന്‍ അനുഭവിച്ച ഗാര്‍ഹിക പീഡനങ്ങളും നിയമപരമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരാളെ വിവാഹം കഴിച്ചതും ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്താല്‍ മുകേഷിന്‍റെ എംഎല്‍എ സ്ഥാനം തെറിക്കും. ഇതു തന്നെയാണ് ദേവികയുടെയും അവസ്ഥ.

മുകേഷ് തികഞ്ഞ മദ്യപാനിയാണെന്നാണ് ദേവികയും പറയുന്നത്. “കുഞ്ഞിനെ അയാള്‍ പരിഗണിക്കേണ്ടതില്ല. പക്ഷേ, ഭാര്യയെന്ന നിലയില്‍ ഒരു പരിഗണനയും നല്‍കുന്നില്ല. പരസ്ത്രീകളുമായാണ് അയാളുടെ ബന്ധം. കഴിഞ്ഞ കുറേ നാളുകളായി അയാളുമായി ഒരു ബന്ധവുമില്ല. അമ്മയോടൊപ്പം പാലക്കാട്ടെ വീട്ടിലാണു താമസം. മുകേഷില്‍ നിന്നുള്ള പീഡനങ്ങള്‍ അതിരുവിട്ടപ്പോഴാണ് കുടുംബ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഇനി ഞങ്ങള്‍ ഒരുമിച്ചൊരു ജീവിതമില്ല.” ദേവിക സുഹൃത്തുക്കളോടു പറഞ്ഞു.

  • കുഞ്ഞുങ്ങളോടും വിദ്വേഷം, തല്ലുമെന്നു ഭീഷണി

സ്ത്രീകളോടു മാത്രമല്ല, കുട്ടികളോടും വളരെ മോശമായാണു മുകേഷിന്‍റെ പെരുമാറ്റം. ഏതാനും ആഴ്ചകള്‍ മുന്‍പ് പാലക്കാട്ട് നിന്ന് ഒരു പത്താംക്ലാസുകാരന്‍ മുകേഷിനെ ഫോണില്‍ വിളിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും സഹായം കിട്ടുമോ എന്നറിയാനായിരുന്നു ഈ കുരുന്നിന്‍റെ ശ്രമം. പക്ഷേ, അതു ജനപ്രതിനിധിയായ മുകേഷിനു രുചിച്ചില്ല, തന്‍റെ ഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്ത സുഹൃത്തിനെ കൈയില്‍ കിട്ടിയാല്‍ നല്ല ചൂരല്‍ കൊണ്ട് അവന്‍റെ തുടയടിച്ചു പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. മേലാല്‍ തന്നെ വിളിക്കരുതെന്നു താക്കീതും നല്‍കി. പേടിച്ചരണ്ടുപോയ കുട്ടി സോറി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. സിപിഎം അനുഭാവിയുടെ മകനും പത്താംക്ലാസ് വിദ്യാര്‍ഥിയുമായ വിഷ്ണുവാണ് മുകേഷിനെ ഫോണില്‍ വിളിച്ചത്. കൂട്ടുകാരന് പഠനോപകരണം വാങ്ങാന്‍ സഹായമഭ്യര്‍ഥിച്ചായിരുന്നു ഫോണ്‍ വിളി.

വിഷ്ണുവിനെ പിന്നീടു വി.കെ. ശ്രീകണ്ഠന്‍ സന്ദര്‍ശിച്ചു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഏറെ അസഹിഷ്ണുതയോടും വിവേകരഹിതമായും അപമര്യാദയോടുമാണ് മുകേഷ് പെരുമാറുന്നതെന്നു കൊല്ലത്തെ സിപി‌എം പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പല കമ്മിറ്റികളും ഇക്കാര്യം തുറന്നു ചര്‍ച്ച ചെയ്യുകയും ചെയ്തു. എല്ലാത്തിനും മാപ്പിരന്നാണ് അന്നു മുകേഷ് പിടിച്ചു നിന്നത്.

Related posts

Leave a Comment