‘സമൂഹം മുഴുവനും സൊഫിയയെ കുറ്റക്കാരിയാക്കുമ്പോൾ,സോളമനും അവളോടുള്ള അയാളുടെ പ്രണയത്തിനുമത് കഴിഞ്ഞിരുന്നില്ല’ ; റിവ്യൂ വായിക്കാം

നീലിമ

സോളമനു സുഖമായി തന്നെ സോഫിയയെ ഉപേക്ഷിക്കാമായിരുന്നു.സോഫിയയും ഒരുപക്ഷേ പ്രതീക്ഷിച്ചിരുന്നത് അവളുടെ അനാഥത്വം തന്നെ ആയിരിക്കാം… എന്തിന്, പ്രേക്ഷകർ പോലും അത് തന്നെയാവും കരുതിയത്… സമൂഹം മുഴുവനും സൊഫിയയെ കുറ്റക്കാരിയാക്കുമ്പോൾ, സോളമനും അവളോടുള്ള അയാളുടെ പ്രണയത്തിനും അത് കഴിഞ്ഞിരുന്നില്ല.

” നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം”

മലയാള സിനിമകളിലെ ഏറ്റവും മികച്ച പ്രണയാഭ്യർത്ഥനാരംഗങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇത്…. വിന്റേജ് ലാലേട്ടന്റെ പൂർണതയും, കണ്ണുകളിലൂടെ പ്രണയം പ്രകടിപ്പിക്കാൻ പറ്റുന്ന ശാരിയുടെ കഴിവും, ജോൺസൺ മാഷിന്റെ മാജിക്കും കൂടെ ചേർന്നപ്പോൾ, അത് മലയാളികൾ എക്കാലവും ഹൃദയത്തോട് ചേർത്തുവച്ച അഭ്രപാളിയിലെ രംഗം തന്നെ ആയിരിന്നു… പിന്നീട് ഒരുപാട് പ്രേമലേഖനങ്ങളിൽ ഈ സീൻ അനുകരിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്.

സിനിമയിൽ എടുത്ത് പറയേണ്ടത് പോൾ പൈലോക്കാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തിലകന്റെ പ്രകടനം തന്നെയാണ്…. മോഹൻലാൽ പോലും ആ കാര്യത്തിൽ തിലകനും താഴെയെ വരൂ എന്നുള്ളത് ഒരു പൊതു അഭിപ്രായം തന്നെയാണ്… ഒരു വില്ലൻ ആയി അഭിനയിച്ചപ്പോൾ, കഥാപാത്രത്തോട് 100% നീതി പുലർത്തി തന്നെയാണ് തിലകൻ ചെയ്തത്… ശാരിയുടെ ഇടക്കുള്ള നോട്ടങ്ങളും ചിരിയും ചില അപാര ഭാവാഭിനയങ്ങളും കണ്ടാൽ, ആർക്കായാലും പ്രണയം തോന്നിപ്പോകും….  പ്രണയം എന്ന വികാരത്തെ ഇത്ര മനോഹരമായി, നൈസർഗികമായി കൈകാര്യം ചെയ്യുന്ന ലാലേട്ടനല്ലാതെ, മറ്റൊരു നടനെ, സോളമനിൽ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. അവസാന സീനിലൊക്കെ നായികയുടെ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ലാലേട്ടന്റെ മുഖത്തു നോക്കിയാൽ തന്നെ, സോളമനു സോഫിയയോടുള്ള പ്രണയത്തിന്റെ തീവ്രത അറിയാൻ പറ്റും.

പ്രണയം പ്രകടിപ്പിക്കാനും അത് പ്രേക്ഷകരിലേക്കെത്തിക്കാനും, പത്മരാജന് ഒരു വിരൽസ്പർശനത്തിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ല….
തൂവാനത്തുമ്പികളായാലും നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ആയാലും, പത്മരാജൻ എന്ന ഫിലിം മേക്കറിന്റെ ബ്രില്യൻസിനപ്പുറം അദ്ദേഹത്തിൻ്റെ ധൈര്യം തന്നെയാണ് എടുത്ത് പറയേണ്ടത്… ആ സമയത്ത്, ഇതുപോലുള്ള  സിനിമകൾ എടുക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ….
വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കന്യകാത്വമാണ് ഏറ്റവും പ്രധാനമെന്ന് കണക്കാക്കി, പെണ്ണിനെ കണ്ട് പിടിക്കുന്ന പുരുഷന്മാർ നിലനിൽക്കുന്ന കാലത്ത് (അത് അന്നായാലും ഇന്നായാലും), സോളമന്റെ പ്രണയമൊരു മാതൃകതന്നെയാണ്….
ഇങ്ങനെയൊരു രോമാഞ്ചിഫിക്കേഷൻ തരുന്ന ക്ലൈമാക്സ് എടുക്കാൻ, പത്മരാജന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നിരിന്നു…. ക്ലൈമാക്സ് ഇങ്ങനെയാണെന്നറിഞ്ഞ നിർമാതാക്കൾ പിന്മാറാനൊരുങ്ങുകയും, ക്ലൈമാക്സിൽ നായകൻ നായികയെ ഉപേക്ഷിക്കണം എന്ന് പറയുകയും ചെയ്തിട്ടും പത്മരാജൻ ഒരടിപോലും പിന്നോട്ട് പോയില്ലെന്നും കേട്ടിട്ടുണ്ട്….

ഇപ്പോഴും എന്നും കാലത്ത്, സോളമനും സോഫിയയും മുന്തിരിതോട്ടങ്ങളിൽ പോകുന്നുണ്ടായിരിക്കും… സോളമൻ സോഫിയയോട്, “നിന്നനുരാഗമിതെൻ സിരയിൽ
സുഖ ഗന്ധമെഴും മദിരാസവമായ്,
ഇളമാനിണ നിൻ കുളിർമാറിൽ സഖീ,
തരളാർദ്രമിതാ തല ചായ്ക്കുകയായ്,
വരു സുന്ദരി എൻ മലർ ശയ്യയിതിൽ “
എന്ന് പാടുന്നുണ്ടാവാം… സോളമന്റെ സംസാരങ്ങൾ അതുപോലെ കേട്ട് സോഫിയയും സന്തോഷമായി നിൽക്കുന്നുണ്ടാവാം….!
സോളമനും സോഫിയയും ആ മുന്തിരിത്തോപ്പുകളിൽ ഇന്നും പ്രണയിച്ച് ജീവിക്കുന്നുണ്ടായിരിക്കും എന്ന് വിശ്വസിക്കാൻ തന്നെയാണ് മലയാളികൾക്ക് എന്നും ഇഷ്ടം….
 

Related posts

Leave a Comment