ഇ ആർ ജി കോളനി നിവാസികളെ കുടിയിറക്കാൻ നീക്കം; പ്രതിഷേധവുമായി ഹൈബി ഈഡൻ എം.പി

കൊച്ചി: എറണാകുളം നഗരത്തിലെ മത്തായി മാഞ്ഞൂരാൻ റോഡിൽ ഇ ആർ ജി കോളനിയിൽ താമസിക്കുന്ന 26 കുടുംബങ്ങളെ കുടിയിറക്കാനുള്ള റെയിൽവേയുടെ നീക്കം ഒരു തരത്തിലും അംഗീക്കരിക്കാൻ കഴിയാത്തതാണെന്ന് ഹൈബി ഈഡൻ എം. പി.

1995 ലാണ്‌ റെയിൽവേയുടെ നീക്കത്തിനെതിരെ കോളനി നിവാസികൾ ആദ്യമായി രംഗത്തെത്തുന്നത്. അന്ന് ഹൈക്കോടതിയിൽ കോളനിയിലെ 26 കുടുംബങ്ങൾ സമർപ്പിച്ച അപേക്ഷ പ്രകാരം 2002 ജനുവരി മാസം ജസ്റ്റിസ് ജെ.ബി കോശി പുറപ്പെടുവിച്ച വിധി അനുസരിച്ച്, ഇവരെ കൊച്ചി നഗരസഭ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പൂർത്തീയാക്കിയതിന്‌ ശേഷം മാത്രമേ കുടിയിറക്കാവൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 45 വർഷത്തോളമായി കോളനിയിൽ താമസിക്കുന്ന ഇവർക്ക് വീട്ട് നമ്പറും, ഇലക്ട്രിസിറ്റി കണക്ഷനും, റേഷൻ കാർഡും ഉണ്ട്.

ഇത് സംബന്ധിച്ച് റെയിൽവേ ഡിവിഷൻ മാനേജർ ഈ മാസം 15 ന്‌ ഇവരോട് ഹിയറിംഗിന്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. പുനരധിവാസം ഉറപ്പാക്കാതെ കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും, ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ജനറൽ മാനേജറുമായും റെയിൽവേ ഡിവിഷണൽ മാനേജറുമായും ആശയവിനിമയം നടത്തുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.

Related posts

Leave a Comment