കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ മറ്റൊരു ‘എകെജി സെന്ററി’ന് നീക്കം ; സ്ഥലം വിട്ടു കൊടുക്കുവാൻ സിൻഡിക്കേറ്റ് തീരുമാനം


 തിരുവനന്തപുരം:1977ൽഎ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി  തിരുവനന്തപുരത്തെ കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി വിട്ടു കൊടുത്തതിന് സമാനമായി കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ  സി.പി.എം നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ കോപ്പറേറ്റീവ് സൊസൈറ്റിക്ക് സ്വന്തമായി മന്ദിരം നിർമ്മിക്കുന്നതിന് ആവശ്യം വേണ്ട സ്ഥലം വിട്ടു കൊടുക്കുവാൻ കേരള സിൻഡിക്കേറ്റ് തീരുമാനം .കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് കാലിക്കറ്റ് ക്യാമ്പസിൽ മുൻ മുഖ്യമന്ത്രി മുഹമ്മദ്കോയയുടെ പേരിലുള്ള ചെയറിന്റെ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന്  ഗൾഫ് മലയാളികൾ തയ്യാറായെങ്കിലും യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് യൂണിവേഴ്സിറ്റി വക ഭൂമി നൽകുന്നത് എതിർത്ത സി.പി.എമ്മാണ് ഇപ്പോൾ അതേ മാതൃകയിൽ കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ സഹകരണ സംഘത്തിന് സ്വന്തമായി  ആസ്ഥാനമന്ദിരം പണിയുന്നതിന് അനുമതി നൽകുന്നത്.ക്യാമ്പസിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്ത് പത്ത് കോടി രൂപാ മുടക്കി ചാൻസിലേഴ്സ് മൾട്ടിപ്ലക്സ് കോംപ്ലക്സ് നിർമ്മിക്കാനുദ്ദേശിച്ചിരുന്ന പ്രധാനപ്പെട്ട സ്ഥലത്താണ് സംഘത്തിന് മന്ദിരം നിർമ്മിക്കുവാൻ വിട്ടുകൊടുക്കുന്നത്.
സിൻഡിക്കേറ്റിന്റെ അജണ്ടയിൽ നേരത്തെ ഉൾപ്പെടുത്താതെ, രജിസ്ട്രാർക്കുള്ള ഒരു കത്ത് പരിഗണിച്ചാണ്‌ ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. വിസി തീരുമാനത്തിൽ ആദ്യം അസന്തുഷ്ടി പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.
നിലവിൽ സർവകലാശാലയിലെ ജീവനക്കാരുടെ സൊസൈറ്റികൾ സർവ്വകലാശാലയുടെ വക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.  അതിനു നിശ്ചയിച്ചിട്ടുള്ള വാടകയും കറണ്ട് ചാർജും അതാത് സൊസൈറ്റികളാണ് വഹിക്കുന്നത്.
ക്രെഡിറ്റ് സൊസൈറ്റി ഓഫീസ്, ക്യാഷ് കൗണ്ടർ, കൺസ്യൂമർ സ്റ്റോർ, കഫറ്റേരിയ,സ്റ്റേഷനറി സ്റ്റോർ,ഇന്റർനെറ്റ് കഫെ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയുൾപ്പടെയുള്ള ഒരു കോംപ്ലക്സ് ആണ് സംഘം സ്വന്തമായി നിർമ്മിക്കുന്നത്. ആദ്യം കോംപ്ലക്സ് നിർമ്മിക്കുന്നതിനാവശ്യമായ ഭൂമിയാണ്  അനുവദിക്കുകയെങ്കിലും കാലക്രമേണ പാർക്കിംഗ് ഉൾപ്പടെയുള്ള വികസന ആവശ്യങ്ങൾക്ക് കൂടുതൽ ഭൂമി കൈയ്യേറാനാവും.50 വർഷം മുമ്പ് യൂണിവേഴ്സിറ്റി വക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്  സർക്കാർ നിയന്ത്രണത്തിൽ ആരംഭിച്ച സൊസൈറ്റിക്ക് യൂണിവേഴ്സിറ്റിയുടെ പാളയം ക്യാംപസിൽ അനുവദിച്ച സ്ഥലത്ത് സൊസൈറ്റി സ്വന്തമായി പണിത കെട്ടിടം, സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചിട്ട് പത്ത് വർഷമായിട്ടും യൂണിവേഴ്സിറ്റിക്ക് മടക്കി  ലഭിച്ചില്ല. ഇപ്പോൾ ജീവനക്കാരുടെ സൊസൈറ്റിക്ക്നൽകുന്ന  ഭൂമിയും സർവകലാശാലയ്ക്ക് നഷ്ടപ്പെടുമെന്നത് ഉറപ്പാണ്.കാര്യവട്ടം ക്യാമ്പസിൽ  സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന് പത്ത് സെന്റ് ഭൂമി വിട്ടുകൊടുക്കാനുള്ള  യു.ഡി.എഫ്  സർക്കാരിൻറെ നിർദ്ദേശം പോലും കേരള സർവകലാശാല തള്ളിക്കളഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ഭൂമി മറ്റാവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്ന സെനറ്റിന്റെ കർശന നിർദ്ദേശം നിലവിലുള്ളപ്പോഴാണ് മറ്റൊരു ‘എകെജി സെൻററിന് ‘കാര്യവട്ടം കാമ്പസിൽ തുടക്കം കുറിക്കുന്നത്.

Related posts

Leave a Comment