സംസ്ഥാനത്തെ പൊലീസ് സേനയിലെ വലിയ ശതമാനവും ക്രിമിലനുകൾ; കെ സുധാകരൻ


കല്‍പ്പറ്റ: സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഒരു വലിയ ശതമാനം പേരും ക്രിമിലനുകളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതായാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്റെ തണലിൽ പൊലീസില്‍ വിരാജിക്കുകയാണവര്‍. പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാക്കളികള്‍ നടത്തുന്ന ആയിരക്കണക്കിന് പൊലീസുകാരാണ് സേനയിലുള്ളത്. അതിലൊരാളാണ് മോഫിയ എന്ന പെണ്‍കുട്ടിയോട് നീതിരഹിതമായി പെരുമാറിയത്. അതാ കുട്ടിയുടെ ആത്മഹത്യക്ക് തന്നെ കാരണമായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വയസുള്ള പിഞ്ചുകുട്ടികള്‍ മുതല്‍ പീഡിപ്പിക്കപ്പെടുന്ന നാടായി കേരളം മാറി. സ്ത്രീകള്‍ക്ക് നടന്നുപോകാനോ സുരക്ഷിതമായി സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോട്ടെ പെരിയയില്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ വരെ പോയി ജനങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഈ സര്‍ക്കാര്‍ പൊടിച്ചത്. കൊലപാതകം നടത്തുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് വേണ്ടി ചിലഴിക്കാനുള്ളതല്ല സാധാരണക്കാരന്റെ നികുതിപ്പണം. ഇത്തരം നടപടികളില്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തതോടെ മുന്‍ എം എല്‍ എ കുഞ്ഞിരാമനെടക്കം ഇപ്പോള്‍ പ്രതിയായിരിക്കുകയാണ്. ഇതുകൊണ്ടും ഈ കേസ് അവസാനിക്കാന്‍ പോകുന്നില്ല. തുടരന്വേഷണം നടന്നാല്‍ ഇനിയും ഈ കേസില്‍ പ്രതികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തലശേരിയില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ മതേതരത്വത്തിന് യോജിച്ചതല്ല. ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് രാജ്യമല്ല, മറിച്ച് മതേതരരാജ്യമാണ് ഇന്ത്യയെന്ന് ബി ജെ പിക്കാര്‍ ഓര്‍ക്കണം. മതേതരത്വത്തെ ഹനിക്കുന്ന പ്രവര്‍ത്തികളും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാല്‍ ബി ജെ പിയോട് ചോദിക്കാനും പറയാനും ആളുകളില്ലെന്ന് കരുതരുത്. മതേതരത്വവിശ്വാസികള്‍ ക്ഷമിക്കുന്നത് നാടിന്റെ സമാധാനം തകരാരിതിരിക്കാനാണ്. അള മുട്ടിയിലാല്‍ അണലിയും കടിക്കും. ഇന്ത്യാരാജ്യത്ത് ഫാസിസത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കരുത്തുണ്ടെങ്കില്‍, കേരളത്തില്‍ നിങ്ങളെക്കാള്‍ ആയിരം മടങ്ങ് അടിവേരുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് നിങ്ങളെ എതിര്‍ക്കാന്‍ ഒരു പ്രയാസവുമില്ല. ഇനിയൊരിക്കല്‍ കൂടി മുദ്രാവാക്യമുയര്‍ന്നാല്‍ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിക്ക് ഒരു രണ്ടാമൂഴമായിട്ടും ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമായി എന്തെങ്കിലും എടുത്തുപറയാന്‍ സി പി എമ്മിനെ വെല്ലുവിളിക്കുകയാണ്. യു ഡി എഫ് ഭരിക്കുമ്പോള്‍ കൊച്ചിമെട്രോയും, വിഴിഞ്ഞവുമടക്കം ഒട്ടേറെ എടുത്തുപറയാന്‍ സാധിക്കുന്ന വികസനപ്രവര്‍ത്തികളാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നൂറ് ജന്മം ജനിച്ചാലും ഉമ്മന്‍ചാണ്ടിയെ പോലൊരു മുഖ്യമന്ത്രിയാകാൻ പിണറായിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ ഭരണം സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതായി മാറി. ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെ റെയിലും ജലപാതയും പോലുള്ള പദ്ധതികളെല്ലാം തന്നെ കമ്മീഷനടിക്കാന്‍ വേണ്ടിയുള്ളതാണ്. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരിയായിരുന്നു പിണറായി എന്ന് ചരിത്രം പറയുമെന്നും, മൂന്നര കൊല്ലം മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്വപ്ന സുരേഷിനെപ്പറ്റി ചോദിച്ചപ്പോള്‍ അറിയില്ലന്ന് പറയാന്‍ പിണറായിക്കല്ലാതെ മറ്റാര്‍ക്കും തൊലിക്കട്ടി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാഗ്ദത്തലംഘനങ്ങളുടെ പ്രേതങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ കെ ഏബ്രഹാം, മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയി, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി, വി എ മജീദ്, എം ജി ബിജു അടക്കമുള്ള നിരവധി നേതാക്കള്‍ സംബന്ധിച്ചു

Related posts

Leave a Comment