രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 4.83 പേർ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് കേസുകൾ കൂടുതൽ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്. 36,265 പേർക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 20,181 കേസുകളും മുംബൈയിലാണ്. മുംബൈയിൽ ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഡൽഹിയിൽ ഇന്നലെ 15,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മെയ് 8ന് ശേഷം ആദ്യമായാണ് ഡൽഹിയിൽ ഇത്രയധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്.രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 3007 ആയി. 377 പേർക്കാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്- 876 പേർക്ക്. ഡൽഹിയിൽ 465 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രാജ്യത്തെ 14 ജില്ലകളിലെ കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാർ ആശങ്ക രേഖപ്പെടുത്തി. തിരുവനന്തപുരത്തെയും എറണാകുളത്തെയും കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേന്ദ്രം വിലയിരുത്തി. ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related posts

Leave a Comment