വീണ്ടും സഭാതലം കലുഷിതം, കൂടുതൽ പടക്കോപ്പുകളുമായി പ്രതിപക്ഷം

സി.പി. രാജശേഖരൻ

തിരുവനന്തപുരം: ഭരണ പക്ഷം തന്നെ സ്വരുക്കൂട്ടിയ ഉ​ഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി പ്രതിപക്ഷം ഇന്നു നിയമസഭയിലേക്ക്. മൂന്നു ദിവസത്തെ ഇടവേളയിൽ മുപ്പതു ദിവസം പൊട്ടിക്കാനുള്ള വെടിമരുന്നാണ് ഭരണപക്ഷത്തു നിന്ന് പ്രതിപക്ഷത്തിനു വീണുകിട്ടിയത്. ഒന്നിനു പുറകേ ഒന്നായി മുഖ്യമന്ത്രിയും കൂട്ടരും പിടിച്ച പുലിവാലുകൾ ഓരോന്നും അവരെ നിലത്തു നിർത്താതെ വട്ടം കറക്കുന്നു.
വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെത്തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് പ്രധാനം. വയനാട്ടിലെ സംഭവത്തിൽ രാഹുൽ ​ഗാന്ധി എംപിയുടെ സൗമ്യ ​ഗംഭീരമായ പ്രതികരണം ദേശീയ തലത്തിൽത്തന്നെ ചർച്ചയായി. തന്നെയുമല്ല, ആസന്നമായ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ പ്രതിപക്ഷം അപ്പാടെ കോൺ​ഗ്രസിനൊപ്പം കൈ കോർത്തതും അതിനു സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിന്തുണ പ്രഖ്യാപിച്ചതും വലിയ പ്രാധാന്യം നേടി. അതിനിടെ കേരളത്തിൽ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്എഫ്ഐ നടപടി ദേശീതലത്തിൽ തന്നെ അപലപിക്കപ്പെട്ടു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും അക്രമത്തിനു പിന്നിലെ സിപിഎം ബന്ധം വെളിവാക്കിയിട്ടില്ല. ‌ബന്ധപ്പെട്ടവർക്കെതിരേ നടപടി എടുത്തതുമില്ല.
തിരുവനന്തപുരത്തെ കെപിസിസി ഓഫീസിനു നേർക്ക് സിപിഎം-സിഐടിയു പ്രവർത്തകർ നടത്തിയ നിന്ദ്യമായ ആക്രമണവും വലിയ വാർത്തയായി. തലമുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ കാറടക്കം ആക്രമിക്കപ്പെട്ടു. സിപിഎമ്മും പോഷക സംഘടനകളും നടത്തിയ അപലപനീയമായ ആക്രമണങ്ങൾ മൂടിവയ്ക്കാൻ, സ്വന്തം അണികളെ ഉപയോ​ഗിച്ച് എകെജി സെന്ററിനു നേരേ പടക്കമെറിഞ്ഞതാണ് സിപിമ്മിനെയും മുഖ്യമന്ത്രിയെയും ഊരാക്കുടുക്കിലാക്കിയത്. സംഭവം നടന്ന് നാലു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായില്ല. അതേ സമയം, മുഖ്യമന്ത്രിക്കെതിരേ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.സി ജോർജിനെതിരേ, കളങ്കിത സ്ത്രീയെ കൊണ്ട് പരാതി നൽകിപ്പിച്ച ശേഷം രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്ത നടപടിയും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകുന്നവരെയും പരാതി പറയുന്നവരെയും വാർത്ത കൊടുക്കുന്നവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന അതീവ ​ഗരുതരമായ രാഷ്‌ട്രീയ സാഹചര്യമാണു സംസ്ഥാനത്തുള്ളത്.
എകെജി സെന്ററിൽ നടന്ന ആക്രമണത്തിനു പിന്നിൽ കോൺ​ഗ്രസാണെന്ന് ആരോപണമുന്നയിച്ച ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, പി. രാജീവ് തുടങ്ങിയ നേതാക്കളെല്ലാം പിന്നീടു നിലപാട് മാറ്റിയെങ്കിലും സിപിഎമ്മിനേറ്റ കളങ്കം മാറാതെ തുടരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എകെജി സെന്ററിന്റെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയാത്ത കേരള പൊലീസിനെ പ്രതിപക്ഷം ഇന്നു സഭ‌യിൽ നിർത്തി പൊരിക്കും. കള്ളൻ കപ്പലിൽ തന്നെയെന്നു ഉറപ്പിക്കാൻ നിരവധി തെളിവുകളുണ്ട്. എകെജി സെന്ററിനു കാ‌വൽ നിന്ന ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെതിരേയും കൃത്യവിലോപത്തിനു കേസെടുത്തില്ല. തന്നെ‌യുമല്ല, സിസി ടിവിയിൽ പതിഞ്ഞ സ്കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മരവിപ്പിക്കുകയും ചെയ്തു. സ്കൂട്ടറിൽ വന്നത് തട്ടുകടക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. ദുരൂഹ സാഹചര്യത്തിൽ ഇയാൾ എന്തിനാണ് എകെജി സെന്ററിന്റെ പരിസരത്ത് വന്നു എന്നതിന് ഉത്തരമില്ല. അതേ സമയം, സിസിടിവിക്കു മുന്നിൽ നിന്ന് സ്കൂട്ടർ യാത്രികൻ എന്തോ വലിച്ചെറിയുന്നതും ​ഗേറ്റിൽ വീണ്ട പൊട്ടുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതേക്കുറിച്ചും വിശദീകരണങ്ങളില്ല. ഇതെല്ലാം മൂടിവച്ച് എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞതിന്റെ ഉത്തരവാദിത്വം കോൺ​ഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നടത്തിയ നിന്ദ്യമായ നടപടിയാവും ഇന്നു നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുക. സ്വന്തം പാർട്ടി ഓഫീസ് പോലും സംരക്ഷിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ചോദ്യവും ഏറ്റവും പ്രസക്തം.
ഇതിനെല്ലാം പുറമേ, പി.സി ജോർജ് ഉയർത്തുന്ന പുതിയ വിവാദവും പിണറായി വിജയന് തിരിച്ചടിയാവും. വിവാ​ദ വ്യവസായി ഫാരിസ് അബൂബക്കറുമായി പിണറായിക്കും മകൾക്കുമുള്ള ബന്ധമാണ് പുതിയ വെടിക്ക് കോപ്പുകൂട്ടുന്നത്.
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് നിയമസഭ ഇന്ന് വീണ്ടും ചേരുന്നത്. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിൻറെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടൻറെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും. മുഖ്യമന്ത്രിക്കെതിരേ കുഴൽ നാടൻ നൽകിയ അവകാശലംഘന നോട്ടിനെക്കുറിച്ചും സഭയിൽ ചർച്ചയുണ്ടാകും.

Related posts

Leave a Comment