അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം; പ്രതി പിടിയില്‍

കൊല്ലം: പറവൂരിൽ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയിൽ. തെന്മലയിൽ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്.തെക്കുംഭാഗം ബീച്ചിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ഷംലയും 21 വയസ്സുള്ള മകൻ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. ഷംല വർഷങ്ങളായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറിൽപ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണുവാങ്ങി കാറിൽവെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തിൽ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.അമ്മയാണെന്നു പറഞ്ഞപ്പോൾ തെളിവുചോദിച്ചായിരുന്നു മർദനം. ആളുകൾ കൂടുന്നതുകണ്ടപ്പോഴാണ് ഇയാൾ മർദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വർഷമായി ചികിത്സയിലാണ് ഷംല.

Related posts

Leave a Comment