തട്ടിപ്പിന്‍റെ സഹകരണവും ചുവപ്പിന്‍റെ സംരക്ഷണവും

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

താനും ആഴ്ചകള്‍ക്കു മുന്‍പ് നടനും സംവിധായകനുമായ ജോയി തോമസ് ഒരു ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. “ഞാനൊരു ചുവന്ന കുപ്പായം വാങ്ങി. ഇനിയൊന്നും പേടിക്കാനില്ല.” ഇതായിരുന്നു കുറിപ്പ്. രണ്ടു വരിയേ ഉള്ളുവെങ്കിലും അതൊരു മഹാസന്ദേശമാണു കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. ആര്‍ക്കും ഏതു തരത്തിലുള്ള തട്ടിപ്പും ക്വട്ടേഷനും പീഡനവും കൊള്ളയും കൊള്ളിവയ്പുമൊക്കെ നടത്താം, സിപിഎമ്മില്‍ അംഗത്വമുണ്ടെങ്കില്‍. ഇതായിരുന്നു ജോയി തോമസ് പറയാതെ പങ്കുവച്ച സന്ദേശം.

ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ജോയി പറഞ്ഞത് എത്ര പരമാര്‍ഥമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും സ്പ്രിംഗളറും ഇഎംസിസിയുമടങ്ങുന്ന വിദേശ കമ്പനികള്‍ മുതല്‍ കരുവന്നൂരിലെ കമ്മിഷന്‍ ഏജന്‍റുമാര്‍ വരെ മനഃപാഠമാക്കി കേരളത്തില്‍ പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയാണത്. തട്ടിപ്പിന്‍റെ സമസ്ത മേഖലയ്ക്കും ചുവപ്പിന്‍റെ സംരക്ഷണം ഉറപ്പ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ സംഘത്തില്‍ നടന്ന സാമ്പത്തികത്തട്ടിപ്പ്.

  • ഒറ്റപ്പെട്ടതല്ല, കരുവന്നൂര്‍

കേരളത്തില്‍ ഏകദേശം 1500 ല്‍പ്പരം പ്രാഥമിക സഹകരണ സംഘങ്ങളുണ്ടെന്നാണു കണക്ക്. പതിന്നാല് ജില്ലാ സഹകരണ ബാങ്കുളായിരുന്നു അവയുടെ അപ്പെക്സ് അഥോരിറ്റി. എന്നാലിപ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളില്ല. പകരം അവയെ പിരിച്ചുവിട്ട് ജനാധിപത്യപരമായ ഭരണാധികാരം ഇല്ലാതാക്കി, പിണറായി വിജയന്‍റെയും ഇടതു സര്‍ക്കാരിന്‍റെയും ഭരണധൂര്‍ത്തിനും നിന്നു കൊടുക്കുന്ന കേരള ബാങ്കാക്കി മാറ്റി. ഒരു സഹകരണ സംഘത്തില്‍ ആറു വര്‍ഷം കൊണ്ട് മുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടത്താമെങ്കില്‍ പ്രതിവര്‍ഷം ഏകദേശം അര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടക്കുന്ന കേരള ബാങ്കില്‍ നടക്കാനിടയുള്ള തട്ടിപ്പുകളെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. കെഎസ്ആര്‍ടിസിക്കടക്കം കടം കൊടുത്തു മുടിഞ്ഞ ചരിത്രമുണ്ട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്.

സഹകരണ സംഘങ്ങളില്‍ നല്ല പങ്കും ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഭൂരിഭാഗം സംഘങ്ങളെയും നയിക്കുന്നത് സിപിഎം ഭരണ സമിതികളും. ഈ സംഘങ്ങളിലെല്ലാം വലിയ തോതിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്.

 സംസ്ഥാനത്തു നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. 13 കോടി രൂപയുടെ ഓഹരി മൂലധനമുള്ള ഈ ബാങ്കില്‍ ലഭ്യമായ വിവരം അനുസരിച്ച് ഇതുവരെ മുന്നൂറ് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. പ്രതികള്‍ ബാങ്ക് ജീവനക്കാരായ ടി.ആര്‍. സുനില്‍ കുമാര്‍, ബിജു കരീം, സി.കെ. ജില്‍സ് എന്നിവര്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലാണ്. ഇടനിലക്കാരന്‍ എ.കെ. ബിജോയിയും പിടിയിലായി. മറ്റു രണ്ടു ജീവനക്കാരായ റെജി അനില്‍, കിരണ്‍ എന്നിവര്‍ ഒളിവിലും. ഇവരെല്ലാം സജീവ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ്. സുനിലും ബിജുവും ഏരിയ കമ്മിറ്റി അംഗങ്ങളും.

കഴിഞ്ഞ ആറു വര്‍ഷമായി ഇവര്‍ തട്ടിപ്പു നടത്തുന്നു എന്നാണു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അതായത് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അധികാകരമേറ്റ സമയം മുതല്‍ കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് തുടങ്ങിയെന്നര്‍ഥം. തട്ടിപ്പിന്‍റെ വിഹിതം പാര്‍ട്ടി നേതാക്കള്‍ക്കു മുറതെറ്റാതെ എത്തിയിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ഇത്തരം ഇടപാടുകള്‍ക്ക് കൃത്യമായ വിഹിതം നിശ്ചയിച്ച് വ്യവസ്ഥാപിതമായി വേണ്ടപ്പെട്ടവര്‍ക്കെത്തിച്ചു കൊടുക്കാന്‍ പാര്‍ട്ടി വിശ്വസ്തരെ കമ്മിഷന്‍ ഏജന്‍റുമാരായി നിയോഗിക്കുകയും ചെയ്തിരുന്നു. ബിജോയിയും കിരണും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും തട്ടിപ്പിന്‍റെ ഇടനിലക്കാരുമാണ്. വായ്പ എടുക്കാത്ത അംഗങ്ങളുടെ പേരില്‍ ജപ്തി നോട്ടീസ് എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. അപ്പോഴേക്കും തട്ടിപ്പു നടത്തിക്കിട്ടിയ പണമുപയോഗിച്ച് പ്രതികള്‍ തേക്കടിയില്‍ സ്വകാര്യ ഭൂമി വാങ്ങി പഞ്ചനക്ഷത്ര റിസോര്‍ട്ടിന്‍റെ നിര്‍മാണം തുടങ്ങിയിരുന്നു.  

 പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ തുടങ്ങിയ ഈ സംരംഭത്തിനു പിന്നില്‍ ഏതൊക്കെ ഉന്നതര്‍ക്ക് ഉടമസ്ഥാവകാശമുണ്ടെന്നറിയണണെങ്കില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതു പോലെ സിബിഐ വരണം. സിബിഐ അന്വേഷിച്ചാലും കേസ് എവിടെയുമെത്തുമെന്നു തോന്നുന്നില്ല. തൃശൂര്‍ ജില്ലയില്‍ തട്ടിപ്പ് നടത്തുന്നതില്‍ സിപിഎം ആണോ ബിജെപിയാണോ മുന്നിലെന്നു തിട്ടപ്പെടുത്താനെങ്കിലും അതുപകരിച്ചേക്കും.

  • വിളവു തിന്നാന്‍ മന്ത്രിയും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പോലെ ഒരു കാലത്ത് കേരളത്തെ പിടിച്ചുലച്ച സഹകരണ തട്ടിപ്പാണ് 1996 ല്‍ കോട്ടയം ജില്ലയിലെ ഇളങ്ങുളത്തു നടന്നത്. അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയന്‍. അന്നത്തെ കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്ന, ഇന്നത്തെ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പെട്ടതാണ് ഇളങ്ങുളം സഹകരണ ബാങ്ക് തട്ടിപ്പ്. എലിക്കുളം ഗ്രാമ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ മാത്രം പ്രവര്‍ത്തന പരിമിതി ഉണ്ടായിരുന്ന ബാങ്കില്‍ നിന്ന് പാമ്പാടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ വി.എന്‍ വാസവന്‍ എങ്ങനെ വായ്പ തരപ്പെടുത്തി എന്നത് ഇന്നും അജ്ഞാതം.

 ഏതായാലും അന്നത്തെ സിപിഎം നേതൃത്വ ഭരണസമിതി ദീവാളി കുളിച്ചത് ബാങ്കിന്‍റെ പതിമൂന്നു കോടി രൂപ. ഇടപാടുകാര്‍ ബഹളം വച്ചപ്പോള്‍ ഈ തുക, വാസവന്‍ പ്രസിഡന്‍റായിരുന്ന ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പയായി അനുവദിച്ചു പ്രതിഷേധം തണുപ്പിച്ചു. പക്ഷേ, വായ്പ കൈപ്പറ്റിയ ഇളങ്ങുളം ബാങ്ക് അതില്‍ ചില്ലിക്കാശു പോലും ഇതേവരെ തിരിച്ചടച്ചില്ല. പലിശയും പിഴപ്പലിശയും എല്ലാം കൂടി ജില്ലാ ബാങ്കിന് ഇപ്പോള്‍ നാല്പതു കോടി രൂപയെങ്കിലും കുടുശിക ഉണ്ടായിട്ടുണ്ട്. വകുപ്പു ഭരിക്കുന്നതു വാസവന്‍ സഖാവും സ്റ്റേറ്റ് ഭരിക്കുന്നതു പിണറായി സഖാവുമാണെന്നിരിക്കെ, ഇളങ്ങുളത്തു ചുവന്ന കുപ്പായം വാങ്ങി ബാങ്ക് ഭരിക്കുന്ന ഒരാള്‍ക്കും യാതൊന്നും പേടിക്കാനില്ല.

  • പീഡനക്കേസിലും സഹകരണം

പണാപഹരണത്തില്‍ മാത്രമല്ല, സ്ത്രീപീഡനത്തിലും കിട്ടും ചെങ്കൊടിയുടെ സംരക്ഷണം. പാലക്കാട്ടും ഷൊര്‍ണൂരിലും കണ്ണൂരിലും ആലപ്പുഴയിലും കായംകുളത്തുമൊക്കെ സ്വന്തം പാര്‍ട്ടിക്കാരെയാണു പെണ്ണുകേസില്‍ സിപിഎം സംരക്ഷിച്ചതെങ്കില്‍ കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ക്കും കിട്ടി, പിണറായിസത്തിന്‍റെ ആനുകൂല്യം. സ്ത്രീസുരക്ഷാ പക്ഷാചരണം പ്രഖ്യാപിച്ച ദിവസം തന്നെ സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെ- എ.കെ. ശശീന്ദ്രനെ- സംരക്ഷിച്ചു പരിപാലിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളില്‍ മനം നൊന്ത്, ഈ മുഖ്യമന്ത്രിയില്‍ നിന്ന് നീതി പ്രതിക്ഷിക്കേണ്ടതില്ലെന്നു പറഞ്ഞ സ്ത്രീകള്‍ ഒട്ടേറെയാണ്. എം.സി. ജോസഫൈന്‍ കാണിച്ചത്ര രാഷ്‌ട്രീയ മര്യാദ പോലും മന്ത്രിക്കസേരയിലിരിക്കുന്ന ശശീന്ദ്രന്‍ കാണിച്ചില്ല. അതിനു ഒരു കാരണം മാത്രമേയുള്ളൂ. എ.കെ. ശശീന്ദ്രന്‍ പിണറായി വിജയന്‍റെ ഏറ്റവും അടുപ്പക്കാരനാണ്. അദ്ദേഹത്തിന്‍റെ ഭാര്യയുടെ അടുത്ത ബന്ധുവും.

സ്റ്റോപ് പ്രസ്ഃ

മന്ത്രി അഹമ്മദ് തേവര്‍കോവിലിന്‍റെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ അടിച്ചു പിളര്‍ന്നു.

അടിവച്ചടിവച്ചു മുന്നോട്ട്..!

Related posts

Leave a Comment