അന്നു 18 ലക്ഷം കോടിയുടെ കറൻസി, ഇന്ന് 29 ലക്ഷം കോടി; കുമിഞ്ഞുകൂടിയത് ബിജെപിയുടെ കൊള്ളപ്പണം മാത്രം


സി.പി. രാജശേഖരൻ

കൊച്ചി: മുൻപ്രധാനമന്ത്രി ആഡംബരക്കൊള്ള എന്നു വിശേഷിപ്പിച്ച കറൻസി നിരോധനത്തിന് ഇന്ന് അഞ്ചു വയസ്. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നിയമവ്യവസ്ഥയിലൂടെ അവരിൽ നിന്നു തട്ടിയെടുക്കാനായിരുന്നു നോട്ട് നിരോധനം എന്നു തെളിഞ്ഞു. ബിജെപി നേതാക്കളുടെയും അവരുടെ സ്പോൺസർമാരുടെയും കൈവശമുണ്ടായിരുന്ന മൂവായിരം കോടിയോളം രൂപയുടെ കള്ളപ്പണം വെളിപ്പിക്കാൻ നടത്തിയ നീക്കത്തിൽ രാജ്യത്തിനു നഷ്ടമായത് ഏഴര ലക്ഷം കോടിയോളം രൂപ.
നോട്ട് നിരോധനം മൂലം വാർഷിക ജിഡിപിയിൽ ഏകദേശം രണ്ടു ശതമാനത്തിന്റെ ഇടിവുണ്ടായി. ജിഡിപി ഒരു ശതമാനം കുറഞ്ഞാൽ ഒന്ന്- ഒന്നര ലക്ഷം കോടി രൂപയുടെ ഉത്പാദനമാന്ദ്യം സംഭവിക്കും എന്നാണു വിദ​ഗ്ധർ പറയുന്നത്. അങ്ങനെ നോക്കിയാൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് രാജ്യത്തിന് ഏഴര ലക്ഷം കോടിക്കു മുകളിൽ ഉത്പാദനനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് രാജ്യവളർച്ചയെ പത്തു വർഷമെങ്കിലും പുറകോട്ടു നയിക്കുമെന്ന മുൻപ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക വിദ​ഗ്ധനുമായ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ പ്രവചനം യാഥാർഥ്യമായി.


2016 നവംബർ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിൻറെയും അഞ്ഞൂറിൻറെയും നോട്ടുകൾ അർദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകൾ മാറിയെടുക്കാൻ ജനങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതമായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളിൽ. നോട്ട് നിരോധനം അഞ്ച് വർഷം പൂർത്തിയാക്കുമ്പോഴും നോട്ടുകൾ തിരിച്ചെത്തിയത് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല.
ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാൾ 57 ശതമാനം കൂടി. ആർബിഐയുടെ കണക്ക് അനുസരിച്ച് 17.97 ലക്ഷം കോടി രൂപയായിരുന്നു അന്ന് ആളുകളുടെ കൈകളിൽ ഉണ്ടായിരുന്നത്. കള്ളപ്പണം തുടച്ചുനീക്കപ്പെടുന്നതോടെ ഇത് 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നും നരേന്ദ്ര മോദി കരുതി. എന്നാൽ കഴിഞ്ഞ എട്ടാം തീയതി പുറത്തുവന്ന ആർബിഐയുടെ കണക്ക് അനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29 ലക്ഷം കോടി രൂപക്ക് മുകളിലാണ്. നോട്ട് നിരോധനം നടപ്പാക്കിയ സമയത്തേക്കാൾ 57 ശതമാനം കൂടുതൽ കറൻസി ഇപ്പോൾ ആളുകളുടെ കൈയിലുണ്ട്. കൊവിഡ് കൂടി വന്നതോടെ കൂടുതൽ പണം ജനം കൈയ്യിൽ വച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോട്ടുനിരോധിച്ചപ്പോൾ സർക്കാർ നിരത്തിയ കള്ളപ്പണ കണക്കും ആർബിഐയുടെ കണക്കും ഒരിക്കലും ചേരുന്നതല്ല.
നോട്ട് നിരോധനത്തിലൂടെ 4 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു വാദം. തിരിച്ചുവരാതിരുന്നാൽ അത്രയും തുക ആർബിഐയിൽ സർക്കാർ ഖജനാവിലേക്ക്എത്തും. പക്ഷെ, 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി. 75 ലക്ഷത്തിൽപ്പരം ചെറുകിട സംരംഭങ്ങൾ അടച്ചു പൂട്ടുകയും പത്തു കോടിയോളെ പേർക്കു തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു എന്നതാണ് ജനങ്ങൾക്കുണ്ടായ നഷ്ടം. എന്നാൽ ഈ കാലയളവിൽ രാജ്യത്ത് പുരോ​ഗതി നേടിയത് വിരലിലെണ്ണാവുന്ന ചില വമ്പൻ കോർപ്പറേറ്റുകളും ബിജെപി എന്ന രാഷ്‌ട്രീയ പാർട്ടിയും അവരുടെ സ്പോൺസർമാരും മാത്രം.
നോട്ട് നിരോധനം ശരിയായ ഫലപ്രാപ്തിയിലെത്തിയില്ലെങ്കിൽ തന്നെ പരസ്യമായി തൂക്കിലേറ്റാൻ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇപ്പോഴും ആഡംബരക്കൊള്ളയുടെ പങ്ക് പറ്റി ഇന്ത്യക്കാരെ പറ്റിക്കുന്നു.

Related posts

Leave a Comment