മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിരേഖപ്പെടുത്തി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിരേഖപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തുകയും ഡിജിപിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.

അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്തില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയില്‍ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നല്‍കിയത്

ഡിജിപിയ്‌ക്കൊപ്പം ചിത്രം എടുക്കാന്‍ നേരത്ത് ആറുപേര്‍കൂടി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ ഫോട്ടോയില്‍ നിന്ന് മറ്റു പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ ചിത്രം വെട്ടിമാറ്റി മോന്‍സണും ഡിജിപിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

അതേസമയം പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സന്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂര്‍ക്കട പൊലീസ് ക്ലബിലും മോന്‍സന് ആതിഥേയത്യം നല്‍കിയിരുന്നു. രണ്ടുപ്രാവശ്യം ഐജി ലക്ഷമണയുടെ അതിഥിയായി വിഐപി റൂമില്‍ മോന്‍സന്‍ തങ്ങിയിട്ടുണ്ട്.

Related posts

Leave a Comment